വേഷങ്കെട്ട്








ജീവിക്കാന്‍ പലതരത്തിലുള്ള വേഷങ്കെട്ടിനും ഇറങ്ങിപ്പുറപ്പെടുന്ന മനുഷ്യര്‍ക്കിടയില്‍ കുറച്ചധികം സ്നേഹമുള്ള (ഉണ്ടെന്നു നടിക്കുകയെങ്കിലും ചെയ്യുന്ന) മലയാളികള്‍ക്കിടയില്‍ പിറന്നു...ഇപ്പോള്‍ ജീവിക്കാനായുള്ള സ്വന്തം വേഷംകെട്ടലുകള്‍ക്കൊപ്പം ബൂലോകര്‍ക്കിടയില്‍ ചെറിയോരിടം കണ്ടെത്താനായി ചാക്യാരുടെ വേഷവും കെട്ടി. മാതൃഭാഷ തമിഴാണെങ്കിലും ജനിച്ചതും വളര്‍ന്നതും കൊച്ചിയിലായതിനാലും സുഹൃത്തുക്കളേവരും മലയാളികളായതിനാലും സംസാരിച്ചതും ചിന്തിച്ചതുമെല്ലാം മലയാളത്തില്‍. വിദ്യാലയത്തില്‍ ഇങ്ഗ്ലീഷിനൊപ്പം മലയാളവും പഠിച്ചു. സംസാരിക്കുവാനും അല്‍പ്പം വായിക്കുവാനും പിന്നെ അത്യാവശ്യം പാട്ടുപാടുവാനും തമിഴിനെ (വല്ലപ്പോഴും) ആശ്രയിക്കും എന്നല്ലാതെ തമിഴുമായി അത്രയ്ക്കു സമ്പര്‍ക്കമില്ല.


എന്തിനീ ചാക്യാരുടെ വേഷം? ചാക്യാന്മാരും ഞാനും ജാതിവശാലോ ഗോത്രവശാലോ യാതൊരു ബന്ധവുമില്ല. ചാക്യാന്മാരാരും സുഹൃത്തുക്കളായി ഇല്ലതാനും. ക്ഷേത്രകലകളില്‍ പുരാതനവും അതില്‍ ഹാസ്യാംശമുള്ള ചുരുക്കം ചില കലാരൂപങ്ങളില്‍ ഒന്നാണല്ലൊ ചാക്യാര്‍കൂത്ത്, മാത്രമല്ല നാലമ്പലത്തിനുള്ളില്‍ അവതരിപ്പിക്കാറുള്ള വിരലില്‍ എണ്ണാവുന്ന കലാരൂപങ്ങളിലൊന്നുമാണിത്. കാലാകാലങ്ങളായി അവതരിപ്പിച്ചുപോന്നത് ചാക്യാന്മാരായതിനാലാവാം കൂത്ത് ചാക്യാര്‍കൂത്തായി മാറിയത് (നങ്ങ്യാര്‍ അവതരിപ്പിക്കുന്ന നങ്ങ്യാര്‍കൂത്തുമുണ്ടല്ലോ). ആരെയും എന്തിനെയും ഒരു നിയന്ത്രണവുമില്ലാതെ കളിയാക്കുവാന്‍ അരങ്ങിലിരിക്കുന്ന ചാക്യാര്‍ക്കു സ്വാതന്ത്ര്യമുണ്ടല്ലൊ - അത്തരമൊരു കളിയാക്കലിന്റെ കലിതുള്ളല്‍ റിയാക്ഷനായിട്ടാണല്ലോ ഓട്ടംതുള്ളല്‍ ജനിച്ചത്.


മറ്റുള്ളവര്‍ക്കുള്ള കുറവുകള്‍ എന്നിലില്ലാത്തിടത്തോളം കാലം ആരെയും കണ്ണുമടച്ചു കളിയാക്കാം എന്ന മണ്ടന്‍ സിദ്ധാന്തവുമായി വഷളനായ വ്യക്തിയാണു ഞാന്‍. ക്രമേണ സമൂഹത്തില്‍ ജീവിക്കുമ്പൊള്‍ സഹജീവികളുടെ സ്നേഹത്തിനും സുഹൃത്ത് ബന്ധത്തിനും പാത്രമാവാന്‍ ഈ സ്വഭാവം എനിക്കൊരു വിലങ്ങുതടിയാണ് എന്ന ചിന്ത എന്നില്‍ മാറ്റത്തിനായുള്ള മുറവിളികൂട്ടിത്തുടങ്ങി. അങ്ങനെ ഞാന്‍ എന്നിലെ ഈ പ്രവണതയെ പതിയെപ്പതിയെ കടിച്ചമര്‍ത്തുവാന്‍ തുടങ്ങി. അങ്ങനെ എന്റെ ആഴമനസ്സിന്റെ ഇരുട്ടറയ്ക്കുള്ളില്‍ അതിനെ മണിചിത്രപ്പൂട്ടിട്ടു പൂട്ടി. അങ്ങനെയിരിക്കെ ഗൂഗിളെന്ന മഹാമന്ത്രവാദി, ബൂലോകമെന്ന ലോകത്തേയ്ക്ക് ബ്ലൊഗ്ഗര്‍ മന്ത്രത്തിലൂടെ ആവാഹിച്ച് ആ മണിച്ചിത്രപ്പൂട്ടഴിച്ചുവിട്ട് എന്റെ ആ പ്രവണതയ്ക്കു മോക്ഷം തന്നു. ബൂലോഗത്തില്‍ സ്വൈര്യവിഹാരം നടത്തുവാനായി അങ്ങനെ ആ പ്രവണത ചാക്യാരുടെ രൂപവും സ്വീകരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts with Thumbnails