സാക്ഷി ഷേണായി
ഈ കഥാപാത്രം പ്രശസ്ഥനായ മിമിക്രി കലാകാരനും സിനിമാനടനുമായിരുന്ന ശ്രീ സൈനുദ്ദീന്റെ സ്മരണയ്ക്കായി സമര്‍പ്പിക്കുന്നു. കലാഭവന്‍ എന്ന കലാക്ഷേത്രത്തില്‍ നിന്നും ജന്മമെടുത്ത ഒട്ടനവധി മിമിക്രി കലാകാരന്മാരില്‍നിന്നും (നടന്‍ ജയറാം ഉള്‍പ്പടെ) തനതായ ശൈലികൊണ്ടും ശരീരഭാഷകൊണ്ടും എന്നും വ്യത്യസ്ത്തനായിനിന്നിരുന്ന ഒരു കലാകാരനായിരുന്നു അദ്ദേഹം. അനുകരണത്തില്‍ ഏറെ ഭംഗിയായി അവതരിപ്പിച്ചിരുന്ന്നതു നടന്‍ മധുവിനെയായിരുന്നു.


 എന്റെ ചെറുപ്പകാലത്ത് (ഏകദേശം നിക്കറിട്ടു നടക്കുന്ന പ്രായത്തില്‍) കോമ്പാക്ട് ഡിസ്ക് അഥവാ സിഡി ഒന്നും കണ്ടുപിടിച്ചിട്ടില്ലാത്ത കാലം. ടേപ് റിക്കാര്‍ഡറും ആകാശവാണിയും പിന്നെ മിമിക്രി കാസറ്റുകളുമായിരുന്നു ഹരം. സിനിമാഗാനങ്ങള്‍ റേഡിയോയിലൂടെ കേള്‍ക്കാമായിരുന്നു ( അന്നു മാങ്ങയും ക്ലബ്ബുമൊന്നുമില്ലായിരുന്നു, പുതിയഗാനങ്ങളുമില്ലായിരുന്നു- എങ്കിലും സഹിച്ചു കേള്‍ക്കുമായിരുന്നു), മിമിക്രി കേള്‍ക്കണമെങ്കില്‍ കാസറ്റു തന്നെ വാങ്ങണം, അല്ലെങ്കില്‍ കാസറ്റ്കടയിലെ കണ്ണന്‍ ചേട്ടന്‍ കനിയണം റിക്കാര്‍ഡ് ചെയ്തു തരാന്‍. അങ്ങനെ ശേഖരിച്ചുകൂട്ടിയതില്‍ കൂടുതലും കലാഭവന്‍ അവതരിപ്പിച്ചവ. ഇന്നിറങ്ങുന്നവയിലെപ്പോലെ മാവേലിയെ അനാവശ്യമായി കൊമ്പത്തും കടയത്തും ഒന്നും അവര്‍ കേറ്റിയിരുന്നില്ല, പൂട്ട് കച്ചവടവും നടത്തിയിരുന്നില്ല, അനാവശ്യമായി രാഷ്ട്രീയവും കുത്തിക്കയറ്റിയിരുന്നില്ല, അശ്ലീലവും കുറവായിരുന്നു (ഉണ്ടായിരുന്നില്ല എന്നല്ല പക്ഷെ ഇന്നുള്ളതുപോലെ ‘എക്സ്പ്ലിസിറ്റ്’ ആയിരുന്നില്ല എന്നുമാത്രം). ചുരുക്കിപ്പറഞ്ഞാല്‍ ആര്‍ക്കും ആസ്വദിക്കാനായിരുന്ന ക്ലീന്‍ ഹാസ്യമായിരുന്നു അവയെല്ലാം. അമ്പലപ്പറമ്പുകളിലും മറ്റു പൊതു വേദികളിലും തിക്കിത്തിങ്ങിയിരുന്ന് കണ്ടും കേട്ടും ആസ്വദിക്കുമായിരുന്നു കലാഭവന്‍ മിമിക്സ് ട്രൂപ്പിന്റെ പരിപാടികള്‍.


ആ കാലഖട്ടത്തില്‍ തിളങ്ങി നിന്നിരുന്ന ചില കലാകാരന്മാരായിരുന്നു കലാഭവന്‍ റഹ്മാന്‍, ജയറാം, നാദിര്‍ഷാ, സൈനുദ്ദീന്‍ തുടങ്ങിയവര്‍. മിമിക്രി കാസറ്റുകളില്‍ പാരഡി നുഴഞ്ഞുകയറുകയും പിന്നീട് പാരഡിഗാനങ്ങള്‍ക്കിടയില്‍ അല്‍പ്പം മിമിക്രി എന്ന അവസ്ഥ വന്നതോടും കൂടി കാസറ്റ് ശേഖരണം നിറുത്തി. അന്നത്തെ എത്രകേട്ടാലും മതിവരാത്ത മതിമറന്നു ചിരിക്കുന്ന ആ മിമിക്രികളില്‍ സൈനുദ്ദീന്‍ സ്ഥിരമായി അവതരിപ്പിച്ചിരുന്ന ഒരു കഥാപാത്രമായിരുന്നു ഷേണായി.


കൊങ്കിണി മാതൃഭാഷായിട്ടുള്ള ഷേണായിമാര്‍ മലയാളം സംസാരിക്കുമ്പോള്‍ മലയാളത്തിനു സംഭവിക്കുന്ന മാറ്റങ്ങള്‍ ചില്ലറയല്ല. പലപ്പോഴും അതുതന്നെ ഹാസ്യത്തിന്റ്റെ അംശമായി മാറാറുണ്ട്. (എല്ലാ ഷേണായിമാരും ഇങ്ങനെ ആവണം എന്നില്ല). അങ്ങനെ കടിച്ചുകീറി സംസാരിക്കപ്പെട്ട മലയാളം 'ഷേണായി മലയാളമായി' മിമിക്രി അരങ്ങുകളില്‍ കസറി, സൈനുദ്ദീന്‍ ഈ കഥാപാത്രത്തെ അത്ര ഭംഗിയായി അവതരിപ്പിക്കുമായിരുന്നു. പിന്നീടു വന്ന കലാകാരന്മാര്‍ അതാതു കാലത്തെ മന്ത്രിമാരെയും രാഷ്ട്രീയ നേതാക്കളേയും അനുകരിക്കുന്നതില്‍ മാത്രം ശ്രദ്ധിച്ചതിനാല്‍ പിന്നീട് ഷേണായിയെപ്പോലെ വ്യത്യസ്ത്തരായ കഥാപാത്രങ്ങള്‍ മണ്‍ മറഞ്ഞതുപോലെ തോന്നുന്നു.


 ഇവിടെ ചാക്യാര്‍കൂത്തുനടക്കുന്നതിനിടയില്‍ അരങ്ങില്‍ ഇടയ്ക്കിടെ തലകാണിച്ചു മുങ്ങുന്ന ഒരു സാധാരണക്കാരനായി, സാധാരണക്കാരുടെ പ്രശ്നങ്ങള്‍ അനുഭവിച്ചറിഞ്ഞ് വ്യാകുലപ്പെടുന്ന, എല്ലാത്തിനും സാക്ഷിയായ സാക്ഷി ഷേണായിയെ അവതരിപ്പിച്ചുകൊള്ളുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts with Thumbnails