2010, ഓഗസ്റ്റ് 27, വെള്ളിയാഴ്‌ച

സിനിമാ കോപ്പിയടി - ഗുല്‍മാല്‍

ആദ്യം ‘ഒറിജിനലുകളെ’ക്കുറിച്ച് പറയാം, അതില്‍ ആദ്യത്തേത് ഹസ്സ്ല് (HUSTLE) എന്ന ബ്രിട്ടീഷ് തുടര്‍നാടകം.
 ടോണി ജോര്‍ദാന്‍ നിര്‍മ്മിച്ച് ബിബിസി വണ്ണില്‍ 2004 മുതല്‍ 2010 വരെ സംപ്രേക്ഷണം ചെയ്തിരുന്ന ഈ സീരിയലില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് റോബര്‍ട്ട് വോണ്‍, റോബര്‍ട്ട് ഗ്ലെനിസ്റ്റര്‍, എഡ്രിയാന്‍ ലെസ്റ്റര്‍, ജയ്മി മുറെ തുടങ്ങിയവരാണ്. അത്യാഗ്രഹികളും ദുരാഗ്രഹികളുമായ പണക്കാരെ അവരുടെ ദുര്‍ബലതകള്‍ മനസ്സിലാക്കി അവര്‍ക്കെതിരെ വന്‍ തട്ടിപ്പുകള്‍ ആസൂത്രണം ചെയ്യുന്ന ഒരു പറ്റം കോണ്‍ ആര്‍ട്ടിസ്റ്റുകളുടെ (CON ARTISTS) അഥവാ തട്ടിപ്പുകാരുടെ കഥയാണ് ഹസ്സ്ല്. സംഘത്തിലെ പ്രധാനിയായ മിക്കി സ്റ്റോണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് എഡ്രിയാന്‍ ലസ്റ്ററാണ്. ഓരോ എപിസോഡിലും പുതിയ ഇരകള്‍ അവര്‍ക്കെതിരെ പുതിയതരം തട്ടിപ്പുകള്‍,എല്ലാം ചെയ്യുന്നത് മിക്കി സ്റ്റോണും സംഘവും ആണെന്നുമാത്രം. കോണ്‍ അഥവാ കോണ്‍ഫിഡന്‍സ് ട്രിക് (CONFIDENCE TRICK) എന്നാല്‍ ഒരു വ്യക്തിയുടെയോ അല്ലെങ്കില്‍ ഒരു സംഘത്തിന്റെയോ വിശ്വാസം പിടിച്ചുപറ്റി അയാളെ ചതിക്കുന്ന വിദ്യ എന്നാണ്, അത്തരം വിദ്യകളില്‍ ഏര്‍പ്പെടുന്നവരെ കോണ്‍ ആര്‍ട്ടീസ്റ്റ് എന്നോ കോണ്‍ മാന്‍ (CON MAN) എന്നോ വിളിക്കുന്നു, ഇരകളെ മാര്‍ക് എന്നും വിളിക്കുന്നു (MARK). വ്യക്തികളിലെ അത്യാഗ്രഹം, ആത്മാര്‍ത്ഥത തുടങ്ങിയ ബലഹീനതകളെ മുതലെടുത്താണ് കോണ്‍ ആര്‍ട്ടിസ്റ്റുകള്‍ തട്ടിപ്പുകള്‍ നടത്തിയിരുന്നത്.  
ഇനി അടുത്ത ഹസ്സ്ലിലേക്ക്  തട്ടിപ്പിലേക്ക് ഒറിജിനലിലേക്ക്, 2005ല്‍ രോഹന്‍ സിപ്പി സംവിധാനം ചെയ്തു പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രം- ബ്ലഫ്മാസ്റ്റര്‍. ഈ ചിത്രത്തിന്റെ കഥ ശ്രീധര്‍ രാഘവനും  സംഭാഷണം രജത് അരോരയുമാണ് എഴുതിയിരിക്കുന്നത്. നൈന്‍ ക്വീന്‍സ്(9 QUEENS) എന്ന സ്പാനിഷ് ചിത്രത്തിന്റെയും, നൈന്‍ ക്വീന്‍സില്‍ പ്രജോദനംകൊണ്ട് നിര്‍മ്മിക്കപെട്ട ക്രിമിനല്‍(CRIMINAL) എന്ന ഇങ്ലീഷ് ചിത്രത്തിന്റെയും (പ്രശ്സ്ത നടന്‍ ജോര്‍ജ് ക്ലൂണിയുടെ നിര്‍മാണത്തില്‍), അതും പോരാണ്ട് നിക്കോലസ് കേജ് നായകനായി അഭിനയിച്ച മാച്സ്റ്റിക് മെന്‍(MATCHSTICK MEN) അഥവാ തീപ്പെട്ടിക്കൊള്ളി മനുഷ്യര്‍ എന്ന ചിത്രത്തിന്റെയും (ഈ സിനിമ മുന്‍പേ പറഞ്ഞ രണ്ടിന്റെയും കൂട്ടിക്കുഴച്ച രൂപം) കഥകളില്‍ നിന്നും ‘ഇന്‍സ്പൈര്‍ഡ്’ ആയി അല്ലെങ്കില്‍ പച്ചയ്ക്കുപറഞ്ഞാല്‍ കോപ്പിയടിച്ചുണ്ടാക്കിയതാണ് ബ്ലഫ്മാസ്റ്റര്‍.
 ഈ സംവിധായകനു നാണമില്ലേ ഇങ്ങനെ കോപ്പിയടിക്കാന്‍ എന്നു ചോദിക്കാന്‍ വരട്ടെ...


കുഞ്ചാകോ ബോബന്‍, ജയസൂര്യ, മിത്ര കുര്യന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലഭിനയിച്ച് 2009ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഗുല്‍മാല്‍. കുഞ്ചാകോ ബോബന്റെ ഒരു തകര്‍പ്പന്‍ തിരിച്ചുവരവായിരുന്നു ഈ ചിത്രം. സാമാന്യം നല്ല കളക്ഷന്‍ നേടാനും ഈ ചിത്രത്തിനായി. 
യഥാര്‍ത്ഥത്തില്‍ ഹസ്സ്ലിലെ തട്ടിപ്പു കഷ്ണങ്ങള്‍ പുഴുങ്ങി ബ്ലഫ്മാസ്റ്ററിന്റെ ക്ലൈമാക്സ് ചേര്‍ത്തിളക്കി മലയാളചട്ടിയിലുണ്ടാക്കിയ ഒരു അവിയലല്ലെ ഈ ഗുലുമാല്‍ എന്നു ചോദിക്കുന്നതില്‍ തെറ്റില്ല. ഇതിനെ കൊ-കോപ്പിയടിയെന്നു വിശേഷിപ്പിച്ചുകൂടെ? ഇവിടെ കഥാപാത്രങ്ങള്‍ തന്നെയാണോ/മാത്രമാണോ യഥാര്‍ത്ഥ കോണ്‍ ആര്‍ട്ടിസ്റ്റുകള്‍?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts with Thumbnails