2010, ഓഗസ്റ്റ് 12, വ്യാഴാഴ്‌ച

ചെന്നൈ മുതല്‍ കൊച്ചി വരെ- 20 മണിക്കൂര്‍

ഇതൊരു യാത്രാവിവരണം എന്നൊന്നും പറയാനാകില്ലെങ്കിലും ഇതിനെ ഒരു ദുരിത വിവരണം എന്നു തീര്‍ച്ചയായും പറയാം. ചെന്നൈയോളം തന്നെ പുരോകമന സാധ്യതയുള്ള നഗരമായിട്ടാണ് കൊച്ചിയേയും കണ്ടിരുന്നത്. ഇതെഴുതുവാനുള്ള പ്രചോദനം ഇന്നത്തെ മനോരമിയിലെ ഈ രണ്ടു നഗരങ്ങളെയും താരതമ്യം ചെയ്തുകൊണ്ടുള്ള ലേഖനം വായിച്ചതു കൊണ്ടൊന്നുമല്ല. അതു വായിച്ചപ്പോള്‍ നോം അനുഭവിച്ച ദുരിതത്തെക്കുറിച്ചോര്‍ത്തുപോയി എന്നു മാത്രം. എങ്കിലും പറയാതെ വയ്യ, തുല്യസാധ്യതയുണ്ടായിരുന്നിട്ടും കൊച്ചിമാത്രം ഇങ്ങനെയായിപ്പോയല്ലോ! എന്തു നല്ല റൊഡുകള്‍ എത്ര പാലങ്ങള്‍ മാലിന്യമശ്ശേഷമില്ലാത്ത നഗരവീഥികല്‍ അത്ത്രയ്ക്ക് ഗതാഗതക്കുരുക്കുമില്ല പോരാഞ്ഞതിന് എത്ര ഫാക്ടറികള്‍ എത്ര ബസ്സുകള്‍ - കൊച്ചി സ്വപ്നം കാണുന്നതും ചെന്നൈ യാഥാര്‍ത്യമാക്കിയതും ഇതിലുമേറെയുണ്ടെങ്കിലും കണ്ടതു മാത്രം പറയുന്നു.

ലോകത്ത് എവിടെ നിന്നും എവിടേക്കു വേണമെങ്കിലും യാത്രചെയ്യാം അധികം ബുദ്ധിമുട്ടില്ലാതെ. എന്നാല്‍ കൊച്ചിയില്‍ നിന്നും ചെന്നൈക്കും അവിടന്നു തിരികെയും യാത്ര ചെയ്യുക എന്നത് മനുഷ്യന്‍ ചന്ദ്രനിലേക്കു പോകുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് (അതു പിന്നേയും സുഗമം എന്നു വേണമെങ്കില്‍ പറയാം!). ഐ ആര്‍ സി ടി സി യുടെയും സതേണ്‍ റയില്‍വേയുടേയും വെബ്സൈറ്റെന്ന കൊടുമുടിയില്‍ കയറി കഠിനതപസ്സനുഷ്ടിച്ചാല്‍ കിട്ടുന്ന വരം- ഒരു വെയിറ്റിങ്ങ് ലിസ്റ്റ് ടിക്കറ്റ്. ആര്‍ എ സി എന്ന വരം ലഭിക്കണമെങ്കില്‍ ദീര്‍ഘനാള്‍ കഠിന തപസ്സനുഷ്ടിക്കണം, പിന്നെ ഒരു കണ്‍ഫോം വരം ലഭിക്കണമെങ്കിലനുഷ്ടിക്കേണ്ട തപസ്സിന്റെ കാര്യം പറയണ്ടല്ലൊ. എന്നാല്‍ അത്തരം കൊടുമുടികളില്‍ കയറി തപസ്സനുഷ്ടിക്കാനുള്ള സമയവും സന്ദര്‍ഭവും നമുക്കനുവദിച്ചുകിട്ടിയില്ല. എളുപ്പമാര്‍ഗ്ഗം- തൃശങ്കുവിനു ലഭിച്ച വരം, കാശല്‍പ്പം അധികം നല്‍കിയെങ്കിലും എടുത്തു ഒരു ടിക്കറ്റ് ബസ്സില്‍. പാപിചെല്ലുന്നിടം പാതാളം എന്ന് ശരിക്കും അനുഭവിച്ചറിഞ്ഞു (അത്ര വലിയ ഭൂലോക പാപിയൊന്നുമാല്ലാഞ്ഞിട്ടും). സാധാരണ ഗതിയില്‍ 800 മുതല്‍ 850 രൂപവരെ വരുന്ന ടിക്കറ്റിന് വെക്കേഷന്‍ പ്രമാണിച്ച് 1000 രൂപ! പെട്ടിയും ഭാണ്ടവുമൊക്കെയായി കയറിയിരുന്നു ആ ശകടത്തില്‍. പരമാവധി ആളുകളെ ഇരുത്താന്‍ വേണ്ടിയാണെന്നു തോന്നുന്നു ആ ശകടത്തില്‍ ഇരിപ്പിടങ്ങള്‍ക്കിടയില്‍ തീരെ ഇടമില്ലായിരുന്നു. ചങ്ങാതിമാരേക്കാള്‍ ഒരല്‍പ്പം ഉയരം കൂടുതല്‍ ഉണ്ടെന്ന് അഹങ്കരിച്ചതിനുള്ള ശിക്ഷ അന്നെനിക്കു കിട്ടി, കാലുകള്‍ ചുരുട്ടിക്കൂട്ടി കക്കൂസിലിരിക്കുമ്പോള്‍ മറഞ്ഞുവീണതു കണക്കെ ഇരുന്നു യാത്ര ചെയ്യേണ്ടിവന്നു, ഒന്നും രണ്ടുമല്ല പന്ത്രണ്ടു മണിക്കൂര്‍ !

ഇത്രയും നേരം പറഞ്ഞത് ചെന്നൈയിലേക്കുള്ള യാത്രയുടെ കഥ. ചെന്നൈ അരങ്ങുകളിലെ പണികള്‍ക്കുശേഷം ഒരല്‍പ്പം കാഴ്ച്ചകള്‍ കാണാനുമുള്ള സന്ദര്‍ഭവും കിട്ടി. സ്ഥിരം ചുറ്റിനടക്കാറുള്ള ബെസന്‍ നഗര്‍ ബീച്ച്, മറീന ബീച്ച്, ഐസ് ഹൌസ്, ചെന്നൈ സിറ്റി സെന്റര്‍ എന്നിവിടങ്ങളിലൊക്കെ അല്‍പ്പ നേരം അലഞ്ഞുതിരിഞ്ഞു നടന്നു. രണ്ടു നാളത്തെ സന്ദര്‍ശ്നം അങ്ങനെ പൂര്‍ത്തിയായി. അതൊരു വെള്ളിയാഴ്ച്ച ദിവസം, വൈകിട്ട് ഏഴ് മണിക്കായിരുന്നു മടങ്ങിപ്പോകുവാനുള്ള വണ്ടി, സംശയിക്കണ്ട അതും ബസ്സുതന്നെ, ഒരേയൊരു വ്യത്യാസം മാത്രം ഇത്തവണ ഒരു എ സി വോള്‍വൊ ബസ്സിനായിരുന്നു ടിക്കറ്റ് കിട്ടിയത് (1200 രൂപ ടിക്കറ്റിന് കൊടുത്തു). അരങ്ങിലെ പണികള്‍ തീര്‍ത്ത് കെട്ടും ബാണ്ഠവുമൊക്കെ പൊതിഞ്ഞെടുക്കുമ്പോഴേക്കും സമയം വൈകി- 6.25. ചെന്നൈ ഗ്രീംസ് റോഡില്‍ നിന്നും കോയംബേട് ബസ്സ് സ്റ്റാന്‍ഡ് വരേ കുറഞ്ഞത് മുക്കാല്‍ മണിക്കൂറങ്കിലുമെടുക്കും. ഭഗവാനേ, 1200ക വെള്ളത്തിലാകുമോ? നോം രാത്രി പ്ലാറ്റ്ഫോറത്തില്‍ കിടക്കേണ്ടി വരുമോ? ചങ്ക് പിടയ്ക്കാന്‍ തുടങ്ങി. ഈശ്വരനെ മനസ്സില്‍ ധ്യാനിച്ചു, അല്പം ധൈര്യം തോന്നി, പിന്നെ രണ്ടും കള്‍പ്പിച്ചുമുന്നോട്ട് പോകാം എന്നു തീരുമാനിച്ചു. കോറത്തുണി തുടരെ കീറുന്ന ശബ്ദത്തോടെ അടുത്തു വന്നു ഒരു  ഓട്ടോ, കൂടുതലൊന്നും ചിന്തിച്ചില്ല കാണിച്ചു കൈ. “അണ്ണൈ കോയമ്പേട് ബസ്സ് സ്റ്റാന്‍ഡ് പോകുമാ” എന്ന എന്റെ ചോദ്യത്തിന് 100 രൂപ എന്ന മറുപടി മാത്രമാണു കിട്ടിയത്. എന്തേലുമാവട്ടെ, നൂറെങ്കി നൂറ് പക്ഷെ വെടിവച്ചതുപോലെ വിട്ടോളണമെന്നു ഞാന്‍ പറഞ്ഞു. ഓട്ടോ അണ്ണന്‍ തലയാട്ടി, അതു കണ്ടപ്പോഴേ എനിക്കോരു സംശയം തോന്നിയതായിരുന്നു, പക്ക്ഷെ ഞാനതു കാര്യമായെടുത്തില്ല. ആ തലയാട്ടലിനു വല്ലാത്തോരു താളവും ഒഴുക്കുമുണ്ടായിരുന്നു, മാത്രമല്ല എന്തോ വല്ലാണ്ട് ആസ്വദിച്ചുകൊണ്ടുള്ള ഒരു തലയാട്ടല്‍ പോലെ തോന്നുകയും ചെയ്തു. 

ആ ശകടത്തില്‍ കയറിയിരുന്നതും ഓട്ടോ അണ്ണന്‍ വണ്ടിയെടുത്തതും ഒരുമിച്ചായൊരുന്നു. ഉപ്പുമാങ്ങാ ഭരണിയില്‍ ഒരു രണ്ടു മാങ്ങാകൂടിക്കയറാന്‍ പണ്ട് അമ്മൂമ്മ ഭരണി കൈയ്യിലെടുത്ത് തുടരെ കുലുക്കുമായിരുന്നു, ഞാനും എന്റെ പെട്ടിയും ഭാണ്ടവും തിടുക്കത്തിലുള്ള കയറ്റത്തില്‍ ആ ഓട്ടോയ്ക്കുള്ളില്‍ ഒതുങ്ങിയതും ഏതാണ്ടതുപോലെയായിരുന്നു. കഷ്ടിച്ച് ഒരു കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ത്തന്നെ മനസ്സിലായി ഓട്ടോ അണ്ണന്റെ തലയാട്ടലിന്റെ അര്‍ത്ഥം. നല്ല വീതിയും വൃത്തിയുമുള്ള ചെന്നൈ റോഡുകളോട് അസൂയതോന്നിയിറ്റുണ്ട് പലപ്പോഴും, പക്ഷെ ആ നിമിഷത്തില്‍ ശരിക്കും ഞാന്‍ ആ റോഡുകളെ വെറുത്തു പോയി, വേറൊന്നുമല്ല നമ്മുടെ ഓട്ടോ അണ്ണന്‍ അടിച്ചു പൂക്കുറ്റിയായിട്ടായിരുന്നു വണ്ടിയോടിച്ചുകൊണ്ടിരുന്നത്- അപാര വീതിയുള്ള റോഡിന്റ്റെ വീതിയും വിസ്താരവും അളന്ന് ഓളങ്ങള്‍ വരച്ചുകൊണ്ടാണ് ആ വണ്ടി നീങ്ങിയത്!

എന്റെ ആയിരത്തി ഇരുന്നൂറു രൂപ, വെള്ളത്തില്‍ വരച്ചതുപോലെയാകുമോ ഈശ്വരാ? സംഭവിക്കാന്‍പോകുന്ന നഷ്ടത്തെക്കുറിച്ചോര്‍ത്തുള്ള എന്റെ വേവലാതി വര്‍ദ്ധിച്ചു. ഇയാളിങ്ങനെ വണ്ടിയോടിച്ചുപോയാല്‍ അടുത്തദിവസംപോയിട്ട് അടുത്തമാസം പോലും ബസ്സ് സ്റ്റാന്റെത്തില്ല എന്നു ചിന്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഭഗവാന്‍ നേരിട്ട് ഭൂമിയിലേക്കിറങ്ങിവന്നു കൈകാണിക്കുന്നതുപോലെ ഒരു പോലീസുകാരന്‍ കൈകാണിച്ചത്. സാക്ഷാല്‍ മഹാബലിക്ക് നല്ല നല്ലെണ്ണയില്‍ ചിരട്ടക്കരി കുഴച്ചു ദേഹമാസകലം പുരട്ടി കാക്കിയുടുപ്പും തൊപ്പിയും ധരിപ്പിച്ചാല്‍ എങ്ങനെയിരിക്കും- അതുപോലൊരു പോലീസുകാരന്‍ (മീശയുണ്ടെന്നും അതൊരു കൊടുകൊമ്പന്‍ മീശയായിരുന്നെന്നും അടുത്തുചെന്നു കണ്ടപ്പോഴാണ് മനസ്സിലായത്, അതും നല്ല സോഡിയം വേപ്പര്‍ പ്രകാശമുള്ളതിനാള്‍ മാത്രം). ഓട്ടോ അണ്ണന്‍ കുടുങ്ങി, എന്റെ പെട്ടിയും ഭാണ്ഠവുമെടുത്ത് ഞാന്‍ പതിയെ ആ വണ്ടീന്നിറങ്ങി. പോലീസ് ഭഗവാന്റെ അടുത്തുചെന്നു തൊഴുകൈയ്യോടെ സങ്കടം ബോധിപ്പിചു- “സാര്‍, ഇന്ത അണ്ണന്‍ തണ്ണി പോട്ടിര്ക്ക്, ഡേഞ്ചര്‍ ഡ്രൈവിങ്ങ്, യെന്‍ ബസ്സ് ഏഴു മണിക്ക്, ബസ്സ് മിസ്സായിടും- ഞാന്‍ വേറെ ഓട്ടോ പിടിച്ചു പോകട്ടുമാ?” അദ്ദേഹം ഒന്നും മൊഴിഞ്ഞില്ലെന്നുമാത്രമല്ല ഉച്ചയ്ക്കു കഴിച്ച ഭാരിച്ചതെന്തോ ദഹിക്കാണ്ട് അലട്ടുന്നതുപോലുള്ള ഒരു മുഖഭാവവുമായി എന്നെ അടിമുതല്‍ മുടിവരെ ഒന്നു കാര്യമായി നോക്കി. 

ഒന്നും മിണ്ടാതെ അദ്ദേഹം പതിയെ റോഡിലേക്കുനോക്കി നടന്നു, ഉള്ളം കൈ ഉയര്‍ത്തിപ്പിടിച്ചു വീശി (ആ വെളിച്ചത്തില്‍ അയാളില്‍ ശ്രദ്ധിക്കപ്പെടുന്ന ഭാഗം ഉള്ളം കൈ മാത്രമെ ഉണ്ടാവുകയുള്ളൂ എന്നയാള്‍ക്കും അറിയാമായിരുന്നെന്ന് തോന്നുന്നു.) മറ്റൊരോട്ടോ അണ്ണന്‍ അപ്പോള്‍ സഡ്ഡന്‍ ബ്രേക്കിട്ടു നിര്‍ത്തി. ആ പുതിയ ഓട്ടോ അണ്ണന്റെ ചെവിയില്‍ നമ്മുടെ പോലീസ് ഭഗവാന്‍ എന്തൊക്കെയോ പിറുപിറുത്തു എന്നിട്ടെന്റെ അടുത്തേക്കു വന്നു. 100 രൂപ- അത്രമാത്രമെ അദ്ദേഹവും മൊഴിഞ്ഞുള്ളു. ഞാന്‍ തലയാട്ടി- സമ്മതം. തൊഴുകൈയ്യോടെ നന്ദിപറഞ്ഞ് ഞാന്‍ നീങ്ങി. ഓട്ടോയില്‍ കയറുന്നതിനു മുമ്പ് പുതിയ ഓട്ടോ അണ്ണനെ സൂക്ഷിച്ചൊന്നു നോക്കി, വശപ്പിശകൊന്നും തോന്നിയില്ല, കത്തിച്ചു വിട്ടോളാ‍ന്‍ പറഞ്ഞു കയറിയിരുന്നു. സമയം 7.10 , വണ്ടി പുറപ്പെടുന്ന സമയം 7, ആയിരത്തി ഇരുന്നൂറ് രൂപ നഷ്ടമായി എന്നു ഞാന്‍ ഉറപ്പിചു. 7.15 ആയപ്പോഴേക്ക് കോയമ്പേട് സ്റ്റാന്‍ഡില്‍ ഓട്ടോയെത്തി. ഓട്ടോക്കാരനു കാശുവലിച്ചെറിഞ്ഞ് പെട്ടിയും ഭാണ്ടവുമെടുത്ത് ബസ്സുകാരന്റെ ആപ്പീസിലീക്കോടി. ബസ്സുകിട്ടുമെന്ന പ്രതീക്ഷയില്ലായിരുന്നെങ്കിലും 1200 ലെ  ഒരു 200 എങ്കിലും കിട്ടുമോ എന്നറിയാനായിരുന്നു ആ വെപ്രാളം. 

ശേഷം അടുത്ത പോസ്റ്റില്‍

1 അഭിപ്രായം:

Related Posts with Thumbnails