2010, ഓഗസ്റ്റ് 13, വെള്ളിയാഴ്‌ച

ചെന്നൈ മുതല്‍ കൊച്ചി വരെ- 20 മണിക്കൂര്‍ തുടരുന്നു

(തുടക്കം മുതല്‍ വായിക്കുവാ‍നായി ഇവിടെ ക്ലിക്ക് ചെയ്യുക)

കെട്ടും ഭാണ്ഠവുമൊക്കെയായി ഓടിപ്പിടഞ്ഞ് ബസ്സുകാരന്റെ ആപ്പീസിലെത്തി. എന്റെ കെട്ടും ഭാണ്ഠവും പോലത്തെ കൂറേയെണ്ണവും പിന്നെ നിര്‍ജീവനമായ മുഖഭാവത്തോടെ വണ്ടികാത്ത് കസേരയില്‍ ഇരിക്കുന്ന കുറേ യാത്രക്കാരെയുമാണ് ആദ്യം ശ്രദ്ധിച്ചത്. ആപ്പീസറുടെ കസേരയില്‍ ഒരുത്തന്‍ ഇരിക്കുന്നുണ്ടായിരുന്നു. കെട്ടും ഭാണ്ടവുമൊക്കെ താഴെ വച്ച് അവ്ന്റെ അടുത്തു ചെന്നു. അരിയും പഞ്ജസാരയും സ്റ്റോക്കില്ല എന്ന് മുഖത്തുതന്നെ എഴുതിപ്പിടിപ്പിക്കുകയും നിത്യ ദുര്‍ഗന്ധ സഹനത്താല്‍ സംഭവിക്കാറുള്ള സ്വാഭാവിക വ്യത്യാസവുമുള്ള മുഖ ഭാവങ്ങളുള്ള ഒരു റേഷന്‍ കടക്കാരനെ പോലെ അയാള്‍ എന്നെ നോക്കി. “സാര്‍, എറണാകുളം വണ്ടി പോയൊ” എന്ന് ഞാന്‍ അവനോടു ചോദിച്ചു. റേഷനരിച്ചാക്കുകളില്‍ ഏതോ ഒന്നു കൂടുതല്‍ പുഴുത്തുനാറുന്നുണ്ടല്ലോ എന്ന് മണത്തുകണ്ടുപിടിക്കാന്‍ തലയുയര്‍ത്തിയതുപോലെ എന്നെ ഒന്നു നോക്കി, അതിനു ശേഷം കണ്ടുപിടിച്ചു എന്ന ലക്ഷണത്തോടെ കഷ്ടമായിപ്പോയി എന്ന ഭാവവുമായി തലതാഴ്ത്തി എന്തോ എഴുതിക്കോണ്ടിരുന്നു. ഞാന്‍ വീണ്ടും ചോദിച്ചു, “അങ്ക ഒക്കാരുങ്ക സാര്‍, വണ്ടി ഇന്നം വരലൈ” അല്‍പ്പം ദേഷ്യത്തോടെയാണയാളതു പറഞ്ഞതെങ്കിലും 1200ക നഷ്ടമായില്ല എന്ന സന്തോഷംകൊണ്ട് നോം അതത്ര കാര്യമാക്കിയില്ല. അപ്പോഴാണ് അവിടെ കാത്തിരുന്നവരിലൊരാള്‍ എന്റെ അടുത്തുവന്നു പറഞ്ഞത്, “വണ്ടി 8.30 നാ പുറപ്പെടുന്നെ ഞങ്ങളൊക്കെ 6മണിക്കേ ഇവിടെ വന്നിരിപ്പാ. ഞങ്ങളോടുപറഞ്ഞത് വണ്ടി ആറരയ്ക്ക് പുറപ്പെടുമെന്നാ”. ഇതു കേട്ടപ്പോഴാണ് ഭഗവതി ക്ഷേത്രത്തില്‍ കദിനാ വെടിപോട്ടിക്കാന്‍ വരിയായി ഇട്ടിരിക്കുന്ന വെടിമരുന്നിനു തീ കൊളുത്തി വിട്ടതു പോലെ വിശപ്പെന്ന തീ ആളിക്കത്തുവാന്‍ തുടങ്ങിയത്. “അണ്ണൈ, സാപ്പിട്ട് വരാന്‍ സമയമിരുക്കുമാ?” ഞാനാ റേഷന്‍ ആപ്പീസറോടു ചോദിച്ചു. എഴുതിക്കോണ്ടിരിക്കുന്ന പുസ്തകത്തില്‍നിന്നും കണ്ണെടുക്കാതെ ആയിക്കോളൂ ആയിക്കോളൂ എന്ന അര്‍ത്ഥം വച്ചുള്ള കൈയ്യാട്ടല്‍ മാത്രമായിരുന്നു ഉത്തരം. സമയം 7.45, വണ്ടിവരാന്‍ ആവശ്യത്തിനു സമയം ബാക്കിയുണ്ടല്ലോ എന്നാശ്വസിച്ച് ഞാന്‍ പതുക്കെ ഹോട്ടലിലേക്കു നടന്നു. ആളിക്കത്തുന്ന വിശപ്പുമായി ഹോട്ടലിലെത്തിയപ്പോള്‍ കണ്ടത് ഇരിപ്പിടത്തിനായി ക്യൂ നില്‍ക്കുന്നവരെ, കുറഞ്ഞതൊരു പത്തുമുപ്പതുപേരെങ്കിലുമുണ്ടായിരുന്നിരിക്കും ആ ക്യൂവില്‍. ചോറ്റാനിക്കരയില്‍ മകം തൊഴുവാനായി ഭക്തിയോടെയും ക്ഷമയോടെയും കാത്തുനില്‍ക്കുന്നവരെ കണ്ടിട്ടുണ്ട് അതിലും ക്ഷമയോടെ ബീവറേജസ്സിന്റെ ക്യൂവില്‍ നില്‍ക്കുന്നവരെയും കണ്ടിട്ടുണ്ട് എന്നാല്‍ ഒരു ഹോട്ടലില്‍ നിന്നും ഭക്ഷണത്തിനായി ക്യൂ നില്‍ക്കുന്ന ഭക്തജനങ്ങളെ ആദ്യമായാണു കാണുന്നത്. അവിടെ ഒരുപക്ഷെ സൌജന്യമായിട്ടാണോ ഭക്ഷണം നല്‍കുന്നത്, കാഷ്കൌണ്ടറില്‍ ഒരു മൂഷികമോറുള്ള ഒരുത്തനെ കണ്ടതും അങ്ങനെയല്ല എന്നു മനസ്സിലായി. ഒരുപക്ഷേ ഇവിടത്തെ ഭക്ഷണം അത്ര വിശേഷപ്പെട്ടതാണോ? അങ്ങനെ പല ചോദ്യങ്ങളുമുയര്‍ന്നു മനസ്സില്‍. കൈവിട്ടുപോയി എന്നു കരുതിയതു ദൈവം തിരികെ തന്നത് പിന്നെയും കളഞ്ഞുകുളിക്കണ്ട എന്നു കരുതി ആ ക്യൂവില്‍ നിന്നു മിനക്കെടാനൊന്നും നിന്നില്ല. എന്നാലും അവിടെ എന്താണത്രയ്ക്ക് പ്രത്യേകതയുള്ളത് എന്ന് പിന്നീടെപ്പോഴെങ്കിലും വരുമ്പോള്‍ മനസ്സിലാക്കണം എന്ന് തീരുമാനിച്ചുറപ്പിച്ച് വേറെ ഹോട്ടല്‍ തേടി ഞാന്‍ നടന്നു. അല്‍പ്പമെങ്കിലും വൃത്തിയുണ്ട് എന്നു തോന്നിപ്പിച്ച ഒരു ഹോട്ടല്‍ കണ്ടുപിടിച്ചു, അധികം തിക്കും തിരക്കുമോന്നും കണ്ടുമില്ല, കയറിയിരുന്നു. ഒരഴുക്ക് ബനിയനും കൈലിയുമുടുത്ത ഒരണ്ണന്‍ എന്റെ അടുത്തേക്ക് വന്നു മുഖത്തേക്കു നോക്കി. പിരികം രണ്ടും രണ്ടുവട്ടം അടുപ്പിച്ച് മുകളിലേക്കുയര്‍ത്തി, അമ്പലപ്പറമ്പിലെ ഗുണ്ടകള്‍ “എന്തേ” എന്നു ചോദിക്കുന്നതുപോലൊരു ആംഗ്യം കാട്ടി. ഞാനും തിരികെ അങ്ങനൊരു ആംഗ്യം കാട്ടി. അച്യുതം കേശവം രാമ...എന്ന് വളരെ വേഗത്തില്‍ ജപിക്കുന്നതു പോലെ അണ്ണന്‍ തുടങ്ങി- മസാല, നെയ് റോസ്റ്റ്, ദോശ,മുട്ടദോശ,പറോട്ട,ചപ്പാത്തി... ആകൂട്ടത്തില്‍ പരിചയമുള്ളവ ഒഴിച്ച് ബാക്കി പറഞ്ഞതൊന്നും മനസ്സിലായില്ല. ദൂരെയാത്രക്കിടയില്‍ അപരിചിതരുമായി കൂട്ടുകൂടിയാല്‍ പ്രശ്നമാകും എന്ന ഭയം പരിചിതനായ ദോശയെ കൂട്ടുപിടിക്കാം എന്ന തീരുമാനത്തിലെത്തിച്ചു. എന്താടാ നായേ നിനക്കു പറയാനിത്ര നേരം എന്ന ഭാവത്തോടെ നിന്നുകോണ്ടിരുന്ന ആ അണ്ണനോട് വളരെ ഭയഭക്തിയോടെ ഞാന്‍ മൊഴിഞ്ഞു- “ഒരു പ്ലേറ്റ് ദോശ”. എന്തോ കഠിനമായ വാക്കുകള്‍കോണ്ട് എന്നെ ശകാരിക്കുവാന്‍ പോകുന്നതുപോലെ തോന്നിയെങ്കിലും അണ്ണന്‍ ഉറക്കെ “ഒര് പ്ലേറ്റ് ദോസൈ” എന്നു ഉറക്കെ നിലവിളിക്കുകയാണുണ്ടായത് .

ആകെ വിശന്നവശനായിരുന്ന എനിക്കന്നേരം എന്തെങ്കിലും കഴിച്ചാല്‍മതിയെന്നായിരുന്നു. അഴുക്കണ്ണന്‍ ദോശയുമായി എന്റെയടുത്തേക്കു വന്നു, അങ്ങു കോവളത്തിലെ അര്‍ദ്ധ നഗ്നരായി കുളത്തില്‍കിടന്നു നീന്തുന്ന മദാമകണക്കെ ആ ദോശകള്‍ ചട്നിവെള്ളത്തില്‍ നീന്തിക്കളിക്കുന്നതു ദൂരെ നിന്നുതന്നെ എനിക്കു കാണാമായിരുന്നു. ആ ദോശപാത്രം എന്റെ മേശപ്പുറത്തു വലിച്ചെറിഞ്ഞു ആ കാര്‍കോടകന്‍, ആ കുട്ടി പ്ലേറ്റെന്ന ചട്നിക്കുളത്തില്‍ നിന്നും കണ്ണിലേക്കു തെറിച്ചൂ ചട്നിതുള്ളികള്‍. ക്ഷമിചു, സഹിച്ചു, വിശപ്പെന്ന രാക്ഷസനെ കീഴ്പ്പെടുത്താന്‍ വേറൊന്നിനെക്കുറിച്ചും ചിന്തിക്കാന്‍ പോലുമുള്ള ത്രാണിയില്ലായിരുന്നു, കണ്ണിലും  കവിളത്തുമായ ചട്നി തുടച്ചുകളഞ്ഞു കാര്യപരിപാടിയിലേക്കു കടന്നു. ഗ്രഹണിക്കു ചക്കക്കൂട്ടാന്‍ കിട്ടിയ ആര്‍ത്തിയോടെ ആ പുളിച്ച ദോശയും ചട്നിവെള്ളവും അടിച്ചുകേറ്റി. അകത്തെരിഞ്ഞുകൊണ്ടിരുന്ന വെടിമരുന്നിന്റെ തീ ചട്നിവെള്ളമൊഴിച്ചു കെടുത്താനായുള്ള ശ്രമമായിമാറിയതുപോലെ തോന്നിയെനിക്ക്. എന്നാല്‍ വെടിമരുന്ന് കദിനായിലേക്കുള്ള ദിശമാറ്റി അമിട്ടിലേക്കു നീങ്ങിത്തുടങ്ങിയെന്ന് അല്‍പ്പനേരത്തിനുള്ളില്‍ തന്നെ മനസ്സിലാ‍യി. കഴിച്ചുകഴിയാറായതും വയറ്റിനുള്ളില്‍നിന്നും അമറലുകളും ചീറ്റലുകളും കേട്ടു തുടങ്ങി. കഴിച്ച് കൈകഴുകി കാശുംകൊടുത്ത് നേരെ ഓടിയത് കക്കൂസ് തേടി. സ്റ്റാന്റിനു പടിഞ്ഞാറെവശം ദൂരെ ഒരു മഞ്ഞവെളിച്ചത്തില്‍ കത്തുന്ന ബോര്‍ഡുകണ്ടു- പേ ആന്‍ഡ് യൂസ് റ്റോയിലറ്റ്. അഞ്ചുരൂപ തുട്ട് കാവലിരുന്നവന്റെ നേരെ വലിച്ചെറിഞ്ഞ് ഓടിക്കയറിയിരുന്നു കക്കൂസില്‍. പിന്നീടു പൊട്ടിയത് അമിട്ട് മാത്രമല്ല ഒരു വെടിക്കെട്ടുതന്നെയായിരുന്നു, ഹൊ, ഭയങ്കരം! ദോഷം പറയരുതല്ലോ ആ കക്കൂസിന് ഹോട്ടലിനേക്കാള്‍ വൃത്തിയുണ്ടായിരുന്നു. പിന്നീട് ചിന്തിച്ചു നോക്കിയപ്പോള്‍ മനസ്സിലായി എന്തുകോണ്ടാണ് അവിടെ ഇത്ര വൃത്തിയെന്നും, ആദ്യം പോയ ഹോട്ടലില്‍ ഇത്ര തിരക്കെന്നും, രണ്ടാമതു കയറിയ ഹോട്ടലില്‍ ആരുമേ ഇല്ലാതിരുന്നതും എന്തുകൊണ്ടാണെന്ന്. ഒരു പൂരം കണ്ടാസ്വദിച്ച നിര്‍വൃതിയോടെ (വെടിക്കെട്ടുകൂടി ആസ്വദിക്കാതെ പൂരം കാണല്‍ പൂര്‍ത്തിയാവില്ലല്ലൊ) അവിടെനിന്നും പുറത്തിറങ്ങി, കാവല്‍ക്കാരനെ ഒന്നു നോക്കി, എന്തൊക്കെയോ കേട്ട് ഞെട്ടിയതിനു ശേഷമുള്ള മുഖഭാവത്തോടെ എന്നെ ഒന്നു നോക്കി. നോം ഒരു ചമ്മിയചിരിയും ചിരിച്ചു തിരിഞ്ഞു നടന്നു. സമയം 8.20, ഇനിയും ബസ്സ് വരാന്‍ പത്തു മിനിട്ട് ബാക്കി, നോം ആപ്പീസിലേക്കു കയറി. നേരത്തെ കണ്ട യാത്രക്കാരെയോ മറ്റു ഭാണ്ഠക്കെട്ടുകളോ ഒന്നും കാണാനില്ല, എന്റെ ഭാണ്ഠവും പെട്ടിയും മാത്രം! പെട്ടെന്നുണ്ടായ ഞെട്ടലില്‍ ഒന്നു തരിച്ച് നിന്നെങ്കിലും, ആപ്പീസറോഡ് ചോദിച്ചു- “അണ്ണൈ ബസ്സ് വന്താച്ചാ?”, മുന്‍പു പറഞ്ഞ റേഷന്‍ കടക്കാരന്റെ മുഖാഭാവം തന്നെയായിരുന്നു ഇപ്പോഴുമയാള്‍ക്ക്, അതില്‍ ചെറിയൊരു സംശയഭാവവുംകൂടെ കലര്‍ത്തി അയാള്‍ ചോദിച്ചു- “യെന്ത വണ്ടി സാര്‍?”, എറണാകുളം എന്നു ഞാന്‍ ഉത്തരം പറഞ്ഞു. ഞാനെന്തോ മഹാപാപം ചെയ്തതുപോലെ “അയ്യയ്യോ, എപ്പൊവേ വന്താച്ച് സാര്‍, എങ്കപോയിട്ടീങ്ക?” . നിന്നോടല്ലേടാ പട്ടീ കഴിച്ചിട്ട് വരാന്‍ സമയമുണ്ടോന്നു ഞാന്‍ ചോദിച്ചത്? പോരാഞ്ഞതിനു വണ്ടി 8.30 നാ വരുന്നേന്ന് നീ തന്നെയല്ലേടാ തെണ്ടീ പറഞ്ഞത്? എന്ന് ഞാന്‍ മനസ്സിലവനോടു ചോദിച്ചു. “പോയാച്ചാ?” എന്നാകാംഷയോടെ ഞാന്‍ ചോദിചു. “ഇല്ലൈ ഇല്ലൈ, പെറ്റ്രോള്‍ പമ്പിലെ ഡീസല്‍ പോട്ടിന്റിരുക്ക്, ഓദിപ്പോയി ഉക്കാര്” എന്നു പറഞ്ഞയാളെന്നെ കെട്ടും ഭാണ്ഠവുമേടുപ്പിച്ചു വീണ്ടും ഓടിച്ചു.

സ്റ്റാന്റിന്റെ തൊട്ടടുത്തായിരുന്നു പെറ്റ്രോള്‍ പമ്പ്, മഹാഭാഗ്യം, കഷ്ടപ്പെട്ടതു വെറുതെയായില്ല, ദേ കിടക്കുന്നു നമ്മുടെ വോള്‍വോ കുട്ടന്‍. ബസ്സിന്റെ പേര് ശുഭയാത്ര. ഇനിയങ്ങോട്ട് ശുഭയാത്രയായിരിക്കുമെന്ന ശുഭപ്രതീക്ഷയോടെ വലതുകാലുവച്ചു കയറി. ഭാണ്ടക്കെട്ടുകളൊക്കെ ഇരിപ്പിടത്തിന്റെ മുകളിലും താഴെയുമായി ഒതുക്കി വച്ചു. വന്നപ്പോള്‍ കയിറിയ ബസ്സുപോലയേ അല്ല, ഇതില്‍ കാലൊക്കെ നീട്ടി സൌകര്യമായി ഇരിക്കാന്‍ ഇടമുണ്ട്, പോരാഞ്ഞതിന് എ സിയും. കുളിരുംകൊണ്ടു പുതച്ചുമൂടി നല്ലോരുറക്കം, കണ്ണു തുറക്കുമ്പോള്‍ കൊച്ചി- ഞാന്‍ ആശ്വസിച്ചു. വോള്‍വോ ബസ്സിനു നല്ല നീളവും വീഥിയുമുള്ള ജനാലച്ചില്ലുകളാണല്ലോ, സ്ഥിരം എ സിയായതിനാല്‍ അവ തുറക്കാനുള്ള സംവിധാനവുമില്ല. ഡീസല്‍ നിറക്കല്‍ ചടങ്ങിനു ശേഷവും വണ്ടി അനങ്ങുന്നില്ല. ഓരോരുത്തരായി യാത്രക്കാര്‍ കയറി അങ്ങനെ വണ്ടി നിറഞ്ഞു. അത്രനേരം ഇല്ലാതിരുന്ന പ്രശ്നം സാവധാനം ഉടലെടുത്തു തുടങ്ങി- ചൂട്. എ സിയിടാത്ത വോള്‍വ്വോയില്‍ ആളുനിറയുമ്പോള്‍ എന്ത് സംഭവിക്കും എന്ന് പഠിക്കാനുള്ള അവസരമായിരുന്നു അത്. ഒരു പ്രഷര്‍ കുക്കര്‍ ഇഫക്റ്റ് എന്നൊക്കെ വേണമെങ്കില്‍ പറയാം, വോള്‍വോയ്ക്കുള്ളില്‍ ജീവനോടെ സ്വമനസ്സാലേ വെന്തുരുകുന്ന ആത്മാക്കള്‍- ഞാനും മറ്റു യാത്രികരും. ആ ബസ്സിലെ മറ്റുള്ളവരും എന്നെ പോലെ തന്നെയായിരുന്നെന്നു തോന്നുന്നു (ഞാന്‍ അനുഭവിച്ചതു പോലെ അവരും അനുഭവിച്ചുകാണും എന്ന ഊഹം മാത്രം), ആ ഇഫക്റ്റില്‍ നിന്നും രക്ഷപ്പെടാന്‍ എന്നെപ്പോലെ തന്നെ പുറത്തിറങ്ങിനില്‍ക്കാനായുള്ള ധൈര്യം അവര്‍ക്കും ഉണ്ടായിരുന്നില്ലെന്നു തോന്നുന്നു, എങ്ങാനും ബസ്സ് വിട്ടുകളഞ്ഞാലോ? ചില്ലറ ത്യാഗങ്ങളും അനുഭവങ്ങളുമാണോ ഇതുവരെയെങ്കിലുമെത്താന്‍ സഹിച്ചത്?

ശേഷം അടുത്ത പോസ്റ്റിങ്ങില്‍...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts with Thumbnails