2010, ഓഗസ്റ്റ് 14, ശനിയാഴ്‌ച

ചെന്നൈ മുതല്‍ കൊച്ചി വരെ- 20 മണിക്കൂര്‍ ...കണ്ഠകശനിപീഢ തുടരുന്നു

(തുടക്കം മുതല്‍ വായിക്കുവാന്‍- ഭാഗം ഒന്ന്, ഭാഗം രണ്ട് ക്ലിക്ക് ചെയ്യുക)

ആ ശുഭയാത്ര എന്നു പേരുള്ള പ്രഷര്‍ക്കുക്കറിനുള്ളിലിരുന്നു ഞങ്ങളേവരും പുഴുങ്ങപ്പെട്ടുകൊണ്ടിരിക്കെ, ഒരു നരുന്ത് പയ്യന്‍ ഒരു തുണ്ടു കടലാസുമായി കയറിവന്നു. മണിചിത്രതാഴ് സിനിമയിലെ ഇന്നസെന്റിനെ പോലെ മിണ്ടാതെ ഉരിയാടാതെ വീടിനു ചുറ്റും മന്ത്രിച്ച തകിടുകള്‍ കെട്ടുന്നതു പോലെ യാത്രക്കാരിരിക്കുന്ന സീറ്റിന്റെ നേരെ മുകളില്‍, ഭാണ്ടക്കെട്ടുകള്‍ വയ്ക്കുന്ന മച്ചില്‍ പേനാകൊണ്ടു നമ്പരിടുവാന്‍ തുടങ്ങി. ഏഴുമണിക്കു നാട്ടിലേക്കു പുറപ്പെടേണ്ട വണ്ടി, പത്തര മണിയായിട്ടും പുറപ്പെട്ടിട്ടുമില്ലാഞ്ഞതും പോരാ ഒരുത്തന്‍ കയറിവന്നു നമ്പരിടുന്നു, ‘ഇതെന്തു ജാതി വേഷങ്കെട്ട്?’ ക്ഷുഭിതനായ ഒരു സഹയാത്രികന്‍ അവനോടു ചോതിച്ചു. അവന് ഒന്നും മനസ്സിലായില്ലെന്ന് തോന്നി, ഒന്നും മിണ്ടാതെ അയാളെ ഒന്നു നോക്കുകകൂടി ചെയ്യാതെ അവന്‍ കര്‍മ്മനിരതനായി പണി തുടര്‍ന്നു. ഏതാണ്ട് ചെന്നൈ മഹാനഗര ആര്‍ ടി ഓയെ നൊന്തു പ്രസവിച്ചതവനാണെന്നപോലത്തെ അഹങ്കാരം കണ്ട് ഞങ്ങള്‍ ബാക്കിയുള്ളവര്‍ക്കും ദേഷ്യം വന്നു. അവന്റെ ഒടുക്കലത്തെ നമ്പരിടീല് ഞങ്ങള്‍ നിറുത്തിച്ചു, ആദ്യം വണ്ടി സ്റ്റാര്‍ട്ട്ചെയ്ത് എ സി ഇട്ടിറ്റു മതി നമ്പരിടീലെന്നു ഞങ്ങള്‍ ഒരുമിച്ചു മുദ്രാവാക്യം വിളിച്ചു. ആള്‍ ബലം കണ്ടവന്‍ ഭയന്നെന്നു തോന്നി, അല്‍പ്പനേരംകോണ്ടു തന്നെ ട്രൈവര്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് എ സിയിട്ടു. അങ്ങനെ സാവധാനം ഞങ്ങളേവരുടേയും ശരീരം തണുത്തു, അതുകൊണ്ടു തന്നെ പതിയെ മനസ്സും തണുത്തു. സമയം പത്തേമുക്കാല്‍, ചെന്നൈയില്‍ നിന്നും കൊയംബത്തൂര്‍ വരെ ആറുമണിക്കൂര്‍ പിന്നെ അവിടന്നൊരു അഞ്ചു മണിക്കൂര്‍, വരാനെടുത്ത അത്രയും സമയം തന്നെ തിരികെപോകാനുമെടുത്താല്‍ ഏകദേശം ഒരു പതിനൊന്നു മണിയോടെ കൊച്ചിയെത്തും. സാരമില്ല, എ സി വ്ണ്ടിയല്ലേ, സുഖിച്ചിരുന്നു യാത്രിക്കാം എന്നു കരുതി സമാധാനിച്ചു. അങ്ങനെ ആ ചെറുക്കന്റെ നമ്പരിടീലുമോക്കെ തീര്‍ത്ത് വണ്ടി അവസാനം നീങ്ങിത്തുടങ്ങി. അതിനിടെ ഒരുത്തന്‍ കമ്പിളിപ്പുതപ്പും കുപ്പിയില്‍ വെള്ളവും വിതരണം ചെയ്യുന്നുണ്ടായിരുന്നു, എനിക്കും കിട്ടി ഓരോന്ന്. “ഓ, കമ്പിളിപ്പൊതപ്പൊക്കെ എന്നാത്തിനാന്നെ, അതിനുമ്മാത്രം തണുപ്പൊന്നുമില്ലന്നേ“ അടുത്തിരുന്ന അച്ചായന്‍ വീമ്പിളക്കി.

ഇതിനൊക്കെയിടയില്‍ പിറകിലിരുന്നൊരു സായിപ്പ് കുറേ നേരമായി കലപിലെ ചിലയ്ക്കുന്നുണ്ടായിരുന്നു. അടുത്തിരുന്ന ഒരു പാവത്താന്റ്റെ കാതുകടിക്കുകയാണ് എന്ന് മനസ്സിലായി. അയാള്‍ ഒരു യു കെ പൌരനാണെന്നും, ഒരു പാടു സ്ഥലങ്ങളിലേയ്ക്ക് യാത്രചെയ്തിട്ടുള്ള വ്യക്തിയാണെന്നും രണ്ട് മൂന്ന് വട്ടം പറയുകയുണ്ടായി. അയാളുടെ ഇങ്ഗ്ലീഷ് ശ്രദ്ധിച്ചുകേട്ടു, സാധാരണഗതിയില്‍ ഒരു അമേരിക്കക്കാരന്റെ ഇങ്ഗ്ലീഷും ബ്രിട്ടീഷുകാരന്റെ ഇങ്ഗ്ലീഷും തമ്മിലുള്ള സംഭാഷണത്തിലുണ്ടാകാറുള്ള വ്യത്യാസങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവൊക്കെ എനിക്കുമുണ്ടായിരുന്നു ( മുടങ്ങാതെ കാണുമായിരുന്ന ഇങ്ഗ്ലീഷ് സീരിയലുകള്‍ക്കും, ഹോളിവുഡ് സിനിമകള്‍ക്കും പിന്നെ പിജി ക്ക് ഫനറ്റിക്സ് ക്ലാസ്സെടുത്ത അന്നാമ്മച്ചേടത്തിക്കും സ്തുതി). ആ സായിപ്പിന്റെ ഇങ്ഗ്ലീഷ് സംസാരത്തില്‍ എന്തോ വശപ്പിശകുണ്ടല്ലോ എന്നെനിക്കു തോന്നി. എഴുന്നേറ്റ് നോക്കി ആ മുഖമൊന്നു കണ്ടാലോ? വേണ്ട, സായിപ്പിന്റെ കള്‍ചറനുസരിച്ച് അയാളതു മോശമായിട്ടെടുത്താലോ? ഞാന്‍ മിണ്ടാതെയിരുന്നു. സായിപ്പു സംഭാഷണം തുടര്‍ന്നു, എന്റെ സംശയങ്ങള്‍ വര്‍ദ്ധിച്ചു, ഒരു യുകെ പൌരനായിരുന്നിട്ടും സ്വന്തം ഭാഷയെ വധിക്കുന്നതും പിന്നെ റെഗുലേറ്റര്‍ കേടായ മിക്സി ഇരമ്പുന്നതുപോലത്തെ അയാളുടെ ശബ്ദവും എന്നെ കുടുതല്‍ അക്ഷമനാക്കി. ഇനിയെങ്ങാനുമിയാള്‍ ഇന്ത്യക്കാരനാണോ? മലയാളിയല്ല, തീര്‍ച്ച, ഒരു മലയാളിയും ഇത്ര മോശമായി ഇങ്ഗ്ലീഷ് സംസാരിക്കില്ല അതും യു കെ പൌരത്വമുള്ളയൊരാള്‍. ഇനിയെങ്ങാനും ആഫ്രിക്കയില്‍ നിന്നും കുടിയേറിപ്പാര്‍ത്ത ഇങ്ഗ്ലീഷുകാരനായിരിക്കുമോ? എന്തേലുമാവട്ടെ അയാളുടെ മോന്തായമൊന്നു കണ്ടാല്‍ കാര്യം പിടികിട്ടുമെന്നു കരുതി ഞാന്‍ ഇരിപ്പിടത്തില്‍നിന്നെഴുന്നീറ്റു, മച്ചിന്‍ മുകളിലെന്റെ ഭാണ്ഠക്കെട്ടുകള്‍ ശരിയായി ഒതുക്കിവെയ്ക്കുന്നതു പൊലെ നടിച്ചു, പതിയെ പിന്‍സീറ്റിലേക്കു നോക്കി. കാറ്റഴിച്ചുവിട്ട ബലൂണ്‍ പോലെ എന്റെ ഊഹങ്ങളൊക്കെ തെറ്റി. ഇതെന്താ വെയിലത്തുവച്ച് ഉണക്കിയെടുത്ത സായിപ്പോ? ആഫ്രിക്കന്‍ വംശ്ജനല്ല, കണ്ടിട്ട് ഒരണ്ണാച്ചിയെപോലെയുണ്ട്. കൈയില്ലാത്ത ബനിയനായിരുന്നു വേഷം, കഷണ്ടിത്തലയില്‍ ഒരു സ്ണ്‍ഗ്ലാസും പിടിപ്പിചിറ്റുണ്ട്, സാക്ഷാല്‍ കൈലാസനാഥന്റെ കഴുത്തില്‍ കാണുന്ന നാഗം കണക്കെ ഒരു ചെവിമന്ത്രിണിയുമുണ്ടായിരുന്നു. അയ്യേ എന്ന മുഖഭാവത്തോടെ ഞാന്‍ തിരികെ സീറ്റിലിരുന്നു. തുടര്‍ന്നുള്ള അയാളുടെ സംഭാഷണത്തില്‍ നിന്നും അയാള്‍ എന്നേക്കാള്‍ നരകയാതന അനുഭവിച്ചാണ് യാത്ര ചെയ്യുന്നതെന്നു മനസ്സിലായി. കല്ലുകൊണ്ടുള്ള അടതീറ്റിക്കുന്ന ട്രാവല്‍ സുകാര്‍ അയാളെയും ആ കല്ലട തീറ്റിച്ചു എന്നുമനസ്സിലായി. അങ്ങു യുകെയില്‍ നിന്നും എന്തോ പ്രധാനപ്പെട്ട ചര്‍ച്ചയ്ക്കായി ചെന്നൈ ടൈടല്‍ പര്‍ക്കില്‍ വന്നതായിരുന്നു അദ്ദേഹം, വായുമാര്‍ഗ്ഗമോ റയില്‍മാര്‍ഗ്ഗമോ സഞ്ചരിക്കാന്‍ ടിക്കറ്റെന്ന വരം ലഭിക്കാഞ്ഞതുകൊണ്ട് ഒരു ശാപമായി കിട്ടിയ ടിക്കറ്റായിരുന്നു അയള്‍ക്കത്. പാര്‍ക്കിനുമുന്നില്‍ ഒരു പൂവാലനെപോലെ അയാള്‍ മൂന്നുമണിക്കൂര്‍ കാത്തുനിന്നത്രെ, ഇടക്ക് ബസ്സുകാരന്റെ ആപ്പീസിലേക്ക് വിളിക്കുമ്പോഴൊക്കെ ഇപ്പൊ വരും എന്ന് മറുപടിയും കിട്ടിക്കോണ്ടിരുന്നുവത്രെ. “അയ്യയ്യോ, വണ്ടി പോയാച്ചേ“ എന്ന ഉത്തരമാണ് ഒടുവില്‍ വിളിച്ച കാളിന് ഉത്തരമായി അയാള്‍ക്ക് കിട്ടിയത്. ഞാന്‍ കൊടുത്തതിനേക്കള്‍ ഇരുന്നൂറു രൂപ അധികം കൊടുത്താണ് അയാള്‍ ആ വണ്ടിക്ക് ടിക്കറ്റ് എടുത്തത്, പോരാഞ്ഞതിന് ഇപ്പോള്‍ യാത്രചെയ്യുന്നതിനായി ഞാന്‍ കൊടുത്ത അതേ തുകയും, മൊത്തം 2600 ക! കണ്ഠക ശനിയുടെ അപഹാരമുള്ള ഒരു പറ്റം ജനങ്ങളുടെ സംഗമായിരുന്നിരിക്കണം ആ യാത്ര, കാരണം അതുവരെ സംഭവിച്ചതും ഇനി പറയാന്‍പോകുന്നതും അത്തരത്തിലുള്ള അനുഭവങ്ങളാണ്.

സമയം 10.55, വണ്ടി ഇത്ര നേരമായും ചെന്നൈ മഹാനഗരം വിട്ടിട്ടില്ല, നായ കാര്യം സാധിക്കുന്നതിനു മുന്‍പ് വട്ടംകറങ്ങും പോലെ ആ മഹാനഗരത്തിനു ചുറ്റും വട്ടമിട്ടുകൊണ്ടിരിക്കുകയായിരുന്നു. തണുപ്പ് പതിയെ പടര്‍ന്നുതുടങ്ങി, അടുത്തിരുന്ന അച്ചായനെ ഒന്നു നോക്കി, അങ്ങേരേതോ തണുപ്പുരാജ്യത്തില്‍ സ്ഥിരതാമസമാക്കിയ വ്യക്തിയായിരുന്നെന്നു തോന്നുന്നു. ഞാന്‍ പുതച്ചു മൂടുമ്പോഴും അച്ചായന്‍ പാറപോലെ അനങ്ങാതിരിക്കുകയായിരുന്നു. ഞങ്ങളേവരുടെയും വായടക്കുവാന്‍ വേണ്ടിയായിരുന്നെന്നു തോന്നുന്നു, അപ്പോഴേക്കും ബസ്സിലെ കിളിയണ്ണന്‍ സിനിമയിട്ടു. അതൊരു പാഴ്ശ്രമമായിരുന്നില്ല, തമിഴ് നടന്‍ സൂര്യന്റെ അനുജന്‍ കാര്‍ത്തി നടിച്ച് തിരൈക്കു വന്ന് സില മാ‍സങ്ങളേയായ പുത്തം പുതിയ സൂപ്പര്‍ ഹിറ്റ് തിരൈപ്പടം (തമിഴ് ചാനലിനെ അനുകരിക്കാനുള്ള ഒരു ചെറിയ പരിശ്രമം) “പയ്യാ”! ആ പേരു കേട്ടപ്പോള്‍ ആദ്യം വന്നു നമ്പരിട്ട ആ ‘പയ്യനെ’ ആണ് ഓര്‍മ്മവന്നതെങ്കിലും, പടം ശരിക്കും ആസ്വദിച്ചിരുന്നു കണ്ടു. എങ്ങനെയും നാളെ ഉച്ചയ്ക്കുമുന്‍പ് കൊച്ചിയിലെത്തുമല്ലോ എന്ന ആശ്വാസവുമുണ്ടായിരുന്നു. ഇടയ്ക്ക് അച്ചായനെ ഒന്നു തിരിഞ്ഞു നോക്കി, ഞെട്ടിപ്പോയി! ഭൂതം കണക്കെ ഒരു രൂപം, ഇട്ടിരിക്കുന്ന ജുബ്ബാ തലവരെ കയറ്റീട്ടിരിക്കുന്നു, കിടുകിടെ വിറയ്ക്കുന്നുമുണ്ടായിരുന്നു. ഞെരിപിരികൊണ്ടുകൊണ്ടിരുന്ന അയാളോട് മനസ്സില്‍ കളിയാക്കിച്ചിരിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു“കമ്പിളി കിട്ടിയില്ലാരുന്നോ?”. “ഹൊ, ഇത്ര്യയ്ക്കങ്ങു തണുക്കുവെന്നു വിചാരിച്ചോ?” എന്നു മറുപടി പറഞ്ഞ് എഴുന്നേറ്റു കിളി അണ്ണന്റെ കൂട്ടിലേക്കു നടന്നു, പിന്നെ കമ്പിളിപ്പുതപ്പുമായാണു തിരികെ വന്നത്. പടം കണ്ടുകൊണ്ടിരിക്കെ എപ്പഴോ ഞാന്‍ മയങ്ങിപ്പോയി. ഇടയ്ക്ക് പടത്തിലെ സ്റ്റണ്ടിന്റെ ശബ്ദവും അച്ചായന്റെ കൂര്‍ക്കം വലിയും ഒക്കെ കേട്ടെങ്കിലും, ഉറക്കം കെടുത്തുവാന്‍ മാത്രം ശല്യമൊന്നുമുണ്ടായില്ല.

ശേഷം അടുത്ത പോസ്റ്റിങ്ങില്‍....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts with Thumbnails