2010, ഓഗസ്റ്റ് 14, ശനിയാഴ്‌ച

അപൂര്‍വ്വം ചില കാഴ്ചകള്‍ - ചാക്യാര്‍ കണ്ട ചങ്ങല !

ഒരല്‍പ്പം ഗൌരവമുള്ള വിഷയമായതിനാല്‍ നോം തന്നെ ഇതിനെക്കുറിച്ചു സംസാരിക്കുന്നതാണുചിതം എന്നു കരുതി, അതിനാല്‍ സ്ഥിരമായി കണ്ട കാഴ്ചകളെക്കുറിച്ചു പറഞ്ഞു നിങ്ങളെ ബോറടിപ്പിക്കാറുള്ള (എന്നേക്കാള്‍ മടുപ്പിക്കുന്ന വിധത്തില്‍ ബോറടിപ്പിക്കാറുള്ള എന്നാണുദ്ദേശിച്ചത്) ഷേണായിയുടെ സ്ഥിരമേഖലയില്‍ ഇപ്രാവശ്യത്തേക്കു മാത്രം നുഴഞ്ഞു കയറുന്നു. അതിനുമുന്‍പ്, നോം കണ്ടത് താഴെ കൊടുക്കുന്നു- അവസാനിപ്പിക്കുക, നിര്‍ത്തലാക്കുക, തിരിച്ചു പോവുക... തുടങ്ങാനുദ്ദേശിക്കുന്ന എന്തെങ്കിലും നല്ലകാര്യത്തിനെതിരെ മുദ്രാവാക്യം വിളികള്‍ അത്തരം പദ്ധതികളെക്കുറിച്ചു ചിന്തിച്ചു തുടങ്ങുമ്പോള്‍ തന്നെ കാതടപ്പിക്കുന്ന ശബ്ദത്തില്‍ മുഴങ്ങുന്നതു കാണാം. പോരാത്തതിന് ദേശീയ പാതകള്‍ ഇടവഴിക്കോലമാക്കാനും ഐ ടി പാര്‍ക്കുകള്‍ക്കായുള്ള സ്ഥലമെടുപ്പു തടയാനും ഹര്‍ത്താലുകള്‍, തങ്ങളുടെ അംഗബലം കാണിച്ച് വഴിമുടക്കാന്‍ വിവിധ സാമുദായിക വ്യാവസായിക ( രണ്ടും രണ്ടായിട്ടോ ഒന്നായിട്ടോ കൂട്ടിയാലും വലിയ വ്യത്യാസമൊന്നുമുണ്ടാകാന്‍ സാധ്യതയില്ല) സംഘടനകളുടെ പ്രകടനങ്ങള്‍, ഒരു പഞ്ഞവുമില്ല. ഇന്ധനവില വര്‍ദ്ധനവിനെതിരെ രാജ്യവ്യാപകമായി ഹര്‍ത്താലാചരിച്ചു, അങ്ങു കേന്ദ്രത്തില്‍ ഒരു രോമം പോലും അനക്കാന്‍ സാധിച്ചില്ല. കയറിയ വില ഇപ്പോഴും മണ്ടയ്ക്ക് തന്നെ ഇരിപ്പാ. ജനങ്ങളെ വിലക്കയറ്റമെന്ന തീയണച്ചു രക്ഷിക്കുക എന്നതിനെക്കുറിച്ച് ആലോചിച്ചു തല പുണ്ണാക്കാന്‍ മിനക്കെടാതെ ഭരിക്കുന്നവര്‍ തന്നെ ഏറ്റവും എളുപ്പത്തില്‍ നടപ്പാക്കുന്ന ഒന്നാണല്ലോ ഹര്‍ത്താല്‍ ആചരിക്കുക എന്നത്.

സ്ദ്ദാമിനെ തൂക്കിക്കൊന്നതിനു ഹര്‍ത്താല്‍ ആചരിച്ചവരും ഇന്ധന വില വര്‍ദ്ധനവിനെതിരെ ഹര്‍ത്താല്‍ ആചരിച്ചവരും അംഗബലം കാണിക്കാന്‍ പ്രകടനങ്ങള്‍ നടത്തുന്നവരുമായ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സംഘടനകളോടും ചില ചോദ്യങ്ങള്‍. നിങ്ങള്‍ നടത്തുന്ന ഹര്‍ത്താലും പ്രകടനങ്ങളുമൊക്കെ അന്താരാഷ്ട്രപരമായും രാജ്യമൊട്ടാകെയും ചുരുങ്ങിയത് പഞ്ചായ്ത്തൊട്ടാകെയും ശ്രദ്ധിക്കപ്പെടാറുണ്ട് എന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? ഉണ്ടെന്നാണെങ്കില്‍ (ഇല്ലാ എന്നാണുത്തരമെങ്കില്‍- എന്തിനാ വെറുതെ സമയം കളയുന്നേ എന്നൊരു മറുചോദ്യം!) നിങ്ങളിതുവരെ “സ്മാര്‍ട്ട് സിറ്റി സി.ഇ.ഒ നീതിപാലിക്കുക, പറഞ്ഞുറപ്പിച്ച നിബന്ധനകള്‍ പ്രകാരം ഉടന്‍ തന്നെ പണിതുടങ്ങുക“ എന്നും, “കേന്ദ്ര പ്ലാനിങ്ങ് കമ്മീഷനും കേന്ദ്ര മന്ത്രി സഭയും നീതിപാലിക്കുക മെട്രോ റയില്‍ പണികള്‍ ഉടന്‍ ആരംഭിക്കുക” എന്നൊക്കെയുമുള്ള മുദ്രാവാക്യം വിളിക്കാത്തത് (ഇതിനൊക്കെയായി ഹര്‍ത്താലൊന്നും നടത്തിയില്ലെങ്കില്‍ പോലും) എന്തുകൊണ്ടാണ്.

അനാവശ്യവും അര്‍ഥമില്ലാത്ത കാര്യങ്ങള്‍ക്കുമായി പലപ്പോഴും ജനങ്ങളെ ദ്രോഹിക്കുന്ന അത്തരം പരിപാടികളില്‍ നിന്നും വ്യത്യസ്തമായി ജനങ്ങള്‍ക്ക് അനുഗ്രഹമായി മാറേണ്ട ഒരു പദ്ധതി നടപ്പാക്കുവാനായി ജനങ്ങളെ ദ്രോഹിക്കാതെ, അവരുമായി സഹകരിച്ച്, ആര്‍ക്കും ഉപദ്രവമില്ലാതെ നടത്തിയ ഒരു പരിപാടിയുടെ പ്രചാരണ പോസ്റ്ററിന്റ്റെ ചിത്രമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. കൊച്ചി മെട്രോ റയില്‍ ആക്ഷ്ന്‍ കമ്മിറ്റി എന്ന പേരില്‍ ചില നഗര സ്നേഹികള്‍ മുന്‍ കൈയ്യെടുത്തു നടത്തിയതായിരുന്നു ഈ മനുഷ്യച്ചങ്ങല. അവര്‍ ആരുടെയും വഴിമുടക്കിയില്ല, കടകള്‍ അടപ്പിച്ചില്ല, കല്ലെറിഞ്ഞില്ല, വാഹനങ്ങള്‍ കത്തിച്ചില്ല, അംഗബലവും ദുര്‍ബലമെന്നേ പറയേണ്ടൂ, ഒരു പക്ഷെ അതൊന്നും ചെയ്യാത്തതു കൊണ്ടാവാം അതൊരു മുറവിളിപോയിട്ട് ഒരു പൂച്ചക്കരച്ചിലുപോലുമാവാത്തത്. അധികമാരും ശ്രദ്ധിക്കാതെ പോയ ഈ പരിപാടിക്ക് മാധ്യമങ്ങളില്‍ നിന്നും കാര്യമായ പിന്തുണയൊന്നും കിട്ടിയുമില്ല (ശ്രീ വി ആര്‍ കൃഷ്ണ അയ്യര്‍ പങ്കെടുത്തതു കൊണ്ടു മാത്രമാവാം ഉള്‍ പേജുകളിലൊന്നില്‍ മനോരമ ഇതൊരു വാര്‍ത്തയായി പ്രസിദ്ധീകരിച്ചത്).

പാര്‍ട്ടീ നേതാക്കളേ അംഗബലം പ്രദര്‍ശിപ്പിക്കാനാഗ്രഹിക്കുന്ന സംഘടനകളേ ജനങ്ങള്‍ക്കനുഗ്രഹമായി മാറാവുന്ന ഇത്തരം പദ്ധതികള്‍ക്കായി നിങ്ങള്‍ മുറവിളികൂട്ടൂ, ജനങ്ങളുമുണ്ടാകും കൂടെ മുദ്രാവാക്യം വിളിക്കാനും, കടയടപ്പിക്കാനും, കല്ലെറിയാനും.

4 അഭിപ്രായങ്ങൾ:

 1. ഞാന്‍ താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു. ഇവിടെ എന്തെങ്കിലും ഒന്ന് നടക്കണമെങ്കില്‍ നാട്ടിലെ കടകള്‍ അടപ്പിച്ചും വാഹനങ്ങള്‍ക്ക് കല്ലെറിഞ്ഞും ജനങ്ങളെ ബുധിമുട്ടിച്ചാല്‍ മാത്രമേ അവര്‍ക്ക് സമാധാനം ഉണ്ടാകൂ. പൊതുവഴിയില്‍ സമ്മേളനമോ മറ്റു പരിപാടികളോ നടത്തുവാന്‍ പാടില്ല എന്ന് പറഞ്ഞ നീതി വ്യവസ്ഥയെ തന്നെ തെറി പറയുന്ന നേതാക്കന്മാര്‍ ഉള്ള നാടാണ് നമ്മുടേത്‌. ഒരിക്കല്‍ ഇതുപോലെ ഒരു പ്രചരണം കോട്ടയത്ത്‌ നടക്കുന്നു. സ്ഥലം നാഗന്പടം. ഇടയ്ക്കു ഒരു ഫയര്‍ഫോഴ്സ് തീപിടുതമുണ്ടായത്തിനു അത്യാവശ്യമായി പോകുമ്പോഴാണ് ഈ പ്രകടനം. വഴി നിറഞ്ഞു പാര്‍ട്ടി പ്രവര്‍ത്തകര്‍ നില്‍ക്കുന്നു. വാഹനത്തിനു കടന്നു പോകുവാന്‍ പറ്റാതെ വഴിയില്‍ കിടക്കുന്നു. അര മണിക്കൂര്‍ കഴിഞ്ഞാണ് വാഹനം സംഭവ സ്ഥലതെത്തുന്നത്. അപോഴെക്കും കാര്യങ്ങള്‍ തീര്‍ന്നിരുന്നു. ഇതാണ് നാടിലെ അവസ്ഥ . ഒന്നും ഇവിടെ നന്നാകില്ല. നന്നാകാന്‍ സമ്മതിക്കില്ല.

  മറുപടിഇല്ലാതാക്കൂ
 2. താങ്കളും ഞാന്‍ പറഞ്ഞതിനോട് യോജിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം. എന്നാല്‍ വളരെ സങ്കടം തോന്നുന്ന വിഷയമെന്തെന്നാല്‍, ഇവിടെ, ഈ കൊച്ചു കേരളത്തില്‍ എന്തെങ്കിലും നടക്കുവാനായല്ല സമരങ്ങളും ഹര്‍ത്താലും കല്ലേറുമൊക്കെ. മറിച്ച് ഒന്നും നടക്കാതിരിക്കാന്‍ വേണ്ടിയാണ്!

  മറുപടിഇല്ലാതാക്കൂ
 3. Good that you supported this campaign.
  It is organized by no one other than LDF.
  If you didn't know, it was CPI-M and other left activists behind this campaign.
  What is your opinion now?

  മറുപടിഇല്ലാതാക്കൂ
 4. ജോഷിച്ചേട്ടാ അത് നടത്തിയത് അവരെങ്കില്‍ മറ്റ് അനാവശ്യകാര്യങ്ങള്‍ക്കായി നടത്താറുള്ളതുപോലെ ജനദ്രോഹ പ്രകടനങ്ങള്‍ക്കായി മുതിരാത്തതെന്തുകൊണ്ട്. ജനങ്ങളുടെ നന്മയ്ക്കായി ഇനിയിപ്പോ എല്‍ഡീഫോ അല്ലെങ്കില്‍ എക്സ്വ് വൈ ഇസഡോ ആണ് അത്തരം സമാധാനപരമായ പ്രകടനം നടത്തുന്നതെങ്കില്‍ സന്തോഷം (നാടുനന്നായി എന്നും പാര്‍ട്ടി നന്നായി എന്നും കാരാട്ട് സാര്‍ വെറുതെ കരഞ്ഞു എന്നും അര്‍ത്ഥം!) മറിച്ച് അതിനായി ജനദ്രോഹ പ്രകടനങ്ങളാണ് നടത്തുന്നതെങ്കില്പോലും അല്പമൊക്കെ സഹിക്കാന്‍ ജനങ്ങളും തയ്യാറാകും...ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കും എന്നെങ്കിലും പറഞ്ഞാശ്വസിക്കാം.

  മറുപടിഇല്ലാതാക്കൂ

Related Posts with Thumbnails