2010, ഓഗസ്റ്റ് 24, ചൊവ്വാഴ്ച

മദ്യം വിഷമമാണ് വിഷമാണ്... വിഷയമാണ്

വിഷമാണെങ്കിലും നാട്ടീല്‍ ഇപ്പോള്‍ കാശുകൊടുത്താല്‍ കിട്ടുന്നതില്‍ കലര്‍പ്പില്ലാത്തതും മായം ചേര്‍ക്കപ്പെടാത്തതെന്നും പറയാന്‍ മദ്യമല്ലാതെ വേറെന്തുണ്ട്? സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള ബിവറേജസ് കോര്‍പ്പറേഷനിലൂടെ മലയാളികള്‍ക്ക് ‘ശുദ്ധമദ്യം’ വിതരണം ചെയ്യുന്നതിലൂടെ ഒരു പരിധി വരെ മോശമായ മദ്യം (ഉദ്ദേശിച്ചത് കണ്ണിന്റെ ഫ്യൂസടിപ്പിച്ചുകളയുന്നവയെ) മൂലമുണ്ടാകാറുള്ള ദുരന്തങ്ങള്‍ക്ക് അറുതിവന്നിറ്റുണ്ട്.  ഉത്സവവേളകള്‍ ആനന്തകരമാക്കുവാനും ആഴമനസ്സില്‍ കട്ടപിടിച്ചുകിടക്കുന്ന ശോകക്കറകളെ കഴുകിക്കളയാനും എന്തിനും ഏതിനും മലയാളി മദ്യത്തെ ആശ്രയിക്കുന്നു. അങ്ങനെ മദ്യം മലയാളിക്ക് ഒഴിച്ചു(വിത് സോഡ ഓര്‍ വാട്ടര്‍)കൂടാന്‍ പറ്റാത്ത അവശ്യ വസ്തുവായി മാറിക്കഴിഞ്ഞു. പച്ചക്കറിക്കു വിലകൂടിയപ്പോള്‍ കറിയിലെ കഷ്ണത്തിന്റെ അളവുകുറച്ച് അഡ്ജസ്റ്റ് ചെയ്ത മലയാളി വര്‍ഷങ്ങളായി വിലകയറിക്കൊണ്ടേ ഇരിക്കുന്ന മദ്യത്തിന്റെ കാര്യത്തില്‍ തീര്‍ത്തും വിപരീതമായ സ്മീപനമാണു സ്വീകരിച്ചു പോരുന്നത്, എത്രത്തോളം വിലകയറുന്നോ അത്രതന്നെ സ്മോളില്‍ വെള്ളം കുറയുകയും ചെയ്യുന്നു!
അടുത്തിടെ പഞ്ജാബിനെ കടത്തിവെട്ടി മദ്യ സേവയില്‍ കേരളം ഒന്നാം സ്ഥാനത്തെത്തി, ഓണത്തിനു മുന്‍പു തന്നെ മാധ്യമങ്ങള്‍ ഇതൊരാഘോഷമാക്കുകയും ചെയ്തു. അതുകൊണ്ടു തന്നെയാവണം കേരളം കുടിച്ച പായസത്തെക്കാള്‍ മദ്യത്തിന്റെ കണക്കെടുക്കാന്‍ മാധ്യമങ്ങള്‍ അത്ര ഉത്സാഹവും പ്രകടിപ്പിച്ചത്.
                                          (ഓണ മദ്യക്കളം- ഒരു പ്രിയസുഹൃത്ത് അയച്ചുതന്നത്)
കേരളത്തിന് ഒന്നാം സ്ഥാനം കിട്ടിയ ആഹ്ലാദസൂചകമായിട്ടാവണം ഇത്തവണയും മദ്യസേവയുടെ കണക്കെടുക്കാന്‍ മാധ്യമങ്ങള്‍ അത്യുത്സാഹിതരായത്, മനോരമയില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് ചുവടെ.
പേരില്‍ തന്നെ ‘കുടി’യുള്ള ചാലക്കുടിയും ബാലരാമപുരവും കരുനാഗപ്പള്ളിയും അങ്ങനെ പല പ്രമുഖ മദ്യസ്ഥാനങ്ങള്‍ തമ്മിലുള്ള വാശിയേറിയ മത്സരത്തിന്റെ കൊഴുപ്പു കൂട്ടാ‍ന്‍ പത്രമാധ്യമങ്ങളും ചാനലുകളും റഫറികളായി. പരസ്യപ്രചാരണം സാധ്യമല്ലാത്ത ഉത്പന്നമായ മദ്യത്തിന് , ഉത്സവകാലം തുടങ്ങും മുന്‍പു തന്നെ അങ്ങനെ ഒരു ചിലവില്ലാ പ്രചരണവും തരപ്പെട്ടു. വിലക്കയറ്റം രോമാദികള്‍ക്കുവരെ തീകൊളുത്തിവിട്ട അവസ്ഥയില്‍ ഓണമെന്ന കാട്ടുതീയെ പേടിച്ച് പണ്ടാറമടങ്ങിനിക്കുന്ന മലയാളി മനസ്സില്‍ അതുവരെ കടന്നുവരാത്ത മദ്യം അങ്ങനെ പ്രഥമസ്ഥാനത്തെത്തി എന്നുമാത്രമല്ല ഇത്തവണ അതിന് ഒരു മത്സരത്തിന്റെ ആവേശവും കിട്ടി.
ഒരു കമന്റേറ്ററുടെ വിലയിരുത്തല്‍ പോലെ മുഖ്യമന്ത്രിയുടെ ഓണസന്ദേശവും- ഏവരും ഇതൊരു സ്പോര്‍ട്സ്മാന്‍ ‘സ്പിരിറ്റില്‍’ എടുക്കുക എന്ന പ്രതീതിയാണുളവാക്കിയത്. പുഴുത്ത അരിയും പഞ്ജസാരയും മണ്ണെണ്ണയും ഇന്നുകിട്ടുമോ നാളെകിട്ടുമോ എന്നെങ്കിലും കിട്ടുമോ ? പൊള്ളുന്ന വിലക്കയറ്റത്തില്‍ നിന്നും ശാപമോക്ഷം കിട്ടുമോ? വിഷാംശമില്ലാത്തതും ജൈവോല്‍പ്പാതിതവുമായ ഭക്ഷണം എന്നെങ്കിലും കഴിക്കാ‍നാകുമോ? (വരും തലമുറയ്ക്കെങ്കിലും?) ,സഞ്ചാരയോഗ്യമായ റോഡുകള്‍ എന്നെങ്കിലും ഉണ്ടാകുമോ?, നല്ല ആശുപത്രികളും ചികിത്സാസഹായവും നല്‍കാന്‍ സര്‍ക്കാരിനാകുമോ?   ...അങ്ങനെ ഓണമെത്തും മുന്‍പ് എത്രയെത്ര ചോദ്യങ്ങള്‍ മലയാളിമനസ്സില്‍! ഈ ഓണം മുതലെങ്കിലും ഇതിലേതെങ്കിലുമൊന്നിന് ഉത്തരം ലഭിക്കുമോ എന്ന് മലയാളികള്‍ ചിന്തിച്ചുകാണും.

അങ്ങനെ എപ്പോഴത്തെയും പോലെ ഓണവും വന്നു, ആഘോഷത്തിമിര്‍പ്പില്‍, മദ്യലഹരിയില്‍ പല ഉത്തരം കിട്ടാചോദ്യങ്ങളും മലയാളികള്‍ മറന്നു (അടുത്ത ഓണക്കാലത്തു വീണ്ടും മറക്കാ‍ന്‍ വേണ്ടി മാത്രം). ഒരു പക്ഷേ അത്തരം ചോദ്യങ്ങള്‍ മറക്കുവാന്‍ വേണ്ടി മാത്രമാവണം ഇത്തരം മദ്യ മത്സരങ്ങളും സര്‍ക്കാര്‍ തന്നെ ലാഭകരമായി (ചില്ലറ ലാഭമോ മറ്റോ ആണോ) നടത്തുന്ന അതി വിപുലമായ മദ്യ വിതരണ സംവിധാനവും.

ഒരു ചോദ്യത്തോടെ അവസാനിപ്പിക്കുന്നു- അരി മണ്ണെണ്ണ പോലുള്ള അവശ്യ സാധനങ്ങള്‍ റേഷനായി നല്‍കുമ്പോള്‍ സമൂഹത്തെ ഒന്നടങ്കം ലഹരിയിലാക്കി കുടുമ്പങ്ങളെ അനാഥമാക്കുന്ന മദ്യമെന്ന വിഷം മാത്രം എന്തുകൊണ്ട് റേഷന്‍ ഇനത്തിന്‍ പെടുന്നില്ല?

3 അഭിപ്രായങ്ങൾ:

 1. കേരളത്തിന്‍റെ ഖജനാവിലേക്കു നികുതിയിനത്തില്‍ ഏറ്റവും കൂറ്റുതല്‍ കിട്ടിയിരുന്നതു പെട്രോള്‍ ഡീസല്‍ നികുതി ഇനത്തില്‍ നിന്നും ആയിരുന്നു.. പക്ഷെ ഇന്നു ആ സ്ഥിതി മാറിയിരിക്കുന്നു..ഖജനാവിലേക്കു ഏറ്റവും കൂടുതല്‍ നല്കുന്നതു കേരളത്തിലെ കുടിയന്മാര്‍ നല്‍കുന്ന നികുതിയിനത്തില്‍ നിന്നും ആണു... ഏകദേശം 1300 കോടിരൂപയാണു ഒരു വര്‍ഷം പിരിഞ്ഞു കിട്ടുന്നതു എന്നാണു ഈ കഴിഞ്ഞ ദിവസം ഒരു ചാനല്‍ പുറത്തുവിട്ട വാര്‍ത്തയിലുണ്ടായിരുനതു...

  മറുപടിഇല്ലാതാക്കൂ
 2. അങ്ങനെ മലയാളികള്‍ കഷ്ടപ്പെട്ട് കുടിച്ചുണ്ടാക്കിയ കോടികള്‍ ഖജനാവിലുണ്ടായിരുന്നിട്ടും സ്വന്തമായി ഒരു പദ്ധതിക്കു ചിലവാക്കാന്‍ സര്‍ക്കാരിന്റെ കൈയ്യില്‍ ഇന്നും കാശില്ല, എന്തിനും കേന്ദ്രത്തേയും സ്വകാര്യപങ്കാളിത്തത്തേയും ആശ്രയിക്കണം.

  മറുപടിഇല്ലാതാക്കൂ
 3. ആദ്യം പറയും ഇപ്രാവശ്യം ഇന്നതില്‍ നിന്നും ഉള്ള ലാഭം ഇത്ര കോടി ആണെന്ന്. പിന്നെ ഒരു പദ്ധതി തുടങ്ങാന്‍ ഒരുങ്ങുമ്പോള്‍ പറയും ഖജനാവില്‍ പണമില്ല. അത് സത്യമാ. ഈ നേതാക്കന്മാരുടെ ആഡംബരം കഴിഞ്ഞിട്ട് വേണ്ടേ നാട്ടുകാരെ സേവിക്കാന്‍. പൊതുമരാമത് ഉദ്യോഗസ്ഥര്‍ക്കായി പതിനാലു വാഹനങ്ങളാണ് പുതിയതായി മേടിച്ചത്. അതും ആഡംബര കാറുകള്‍. ഇതിനൊക്കെ പണമുണ്ട്. എന്നാല്‍ ഒരു റോഡു നന്നാക്കുകയോ, അതുപോലത്തെ മറ്റു പല വികസന പ്രവര്‍ത്തനങ്ങള്‍ക്കും പണമില്ല.
  പിന്നെ ഇവിടുത്തെ കുടിയന്മാര്‍. വീട്ടിലെ അടുപ്പ് പുകഞ്ഞില്ലെങ്കിലും വേണ്ടില്ല വൈകുന്നേരം ഒരു കുപ്പി കള്ള് അകത്തു ചെന്നില്ലെങ്കില്‍ ആകെ ഒരു വിറയലാ. ഇപ്പോള്‍ ആകെ തിരക്കില്ലാത്ത ഒരു സ്ഥലം റേഷന്‍ കടയാണ്. അത് വഴി മദ്യം വില്പന തുടങ്ങിയാല്‍ അങ്ങോട്ടും ഇനി ചെല്ലെണ്ടാത്ത അവസ്ഥയാകും.

  മറുപടിഇല്ലാതാക്കൂ

Related Posts with Thumbnails