2010, സെപ്റ്റംബർ 1, ബുധനാഴ്‌ച

നല്ല തറവാട്ടിലെ ശ്വാനന്മാര്‍

ഒരുവന്റെ സ്വഭാവത്തെ സ്വാധീനിക്കുന്നത് അവന്‍ വളരുന്ന സാഹചര്യങ്ങളാണല്ലൊ, അതുപോലെ തന്നെ നല്ല സ്വഭാവവും ശീലങ്ങളുമുള്ളവരെ നല്ല തറവാട്ടില്‍ പിറന്നവരെന്നും വിളിക്കാം. തറവാട്ടിലെ കാ‍രണവന്മാര്‍ സമ്പാദിച്ച പേരും പ്രശസ്ത്തിയും തലമുറകള്‍ താണ്ടി ഇളം തലമുറകളിലേക്കെത്തിച്ചേരുന്നു. ഇളം തലമുറയിലെ തമ്പ്രാക്കന്മാര്‍ കൊള്ളരുതാത്തവരും തെമ്മാടികളുമാണെങ്കില്‍ പോലും അവര്‍ക്കു തറവാട്ടില്‍ പിറന്നവര്‍ എന്ന ലേബല്‍ സൌജന്യമായി ലഭിക്കുന്നു. അത്തരത്തിലുള്ള ചില പ്രശസ്ഥമായ ശ്വാനത്തറവാടികളെ പരിചയപ്പെടാം.

ഡാല്‍മേഷ്യക്കോവിലകം
ഡാല്‍മേഷ്യക്കോവിലകത്തെ കറുപ്പുള്ളി തമ്പുരാനും(പിറകെ) പുള്ളിമങ്കയും (മുന്നില്‍)
തറവാട്- ബാല്‍ക്കണ്‍, ഇന്ത്യ
ഊര്‍ജ്ജസ്സ്വലരും ലോകസഞ്ചാര തത്പരരുമാണ് ഡാല്‍മേഷ്യക്കോവിലകത്തുകാര്‍. ഇവര്‍ കളിതമാശക്കാരും നല്ല ഓട്ടക്കാരുമാണ്. ഡാല്‍മേഷ്യത്തറവാട്ടിലെ ആദ്യത്തെ കാരണവരും വേളിയും ആരെന്നിതുവരെ ആര്‍ക്കുമറിയില്ല. ഈ തറവാട്ടിലെ പ്രമുഖരില്‍ പലരും പടയാളികളായും വേട്ടക്കാരായും ഇടയന്മാരായും സേവനമനുഷ്ടിച്ചവരാണ്. ഈ തറവാട്ടുകാരെല്ലാവരും ഡാല്‍മേഷ്യരെന്നാണറിയപ്പെടുന്നത്.
ഒരു ഡാല്‍മേഷ്യന്‍ വീരഗാഥ എന്ന ചിത്രത്തിലെ രംഗം- പുള്ളിചന്തുവായി ഡാല്‍മല്‍ കുമാര്‍

ബോക്സരേടത്ത് ഇല്ലം
പെട്ടിയര്‍ ഇല്ലത്തെ പെട്ടിമോറിയമ്മയും (ഇടത്) പെട്ടികുട്ടന്‍ തമ്പുരാനും (വലത്)
ഇല്ലത്തെ ഇപ്പൊഴത്തെ കാരണവര്‍ വായൊലിപ്പന്‍ പെട്ടിയര്‍
തറവാട്- ജര്‍മനി
പെട്ടിയരേടത്ത് ഇല്ലം അഥവാ ബോക്സരേടത്ത് ഇല്ലത്തുള്ളവരെ ബോക്സര്‍ അല്ലെങ്കില്‍ പെട്ടിയര്‍ എന്നു വിളിക്കുന്നു. ഇല്ലത്തിലെ കുട്ടികളെ പെട്ടികള്‍ അല്ലെങ്കില്‍ ബോക്സുകള്‍ എന്നും വിളിക്കുന്നു. പണ്ട് കാലം മുതല്‍ക്കേ നല്ല ബലവാന്മാര്‍ എന്ന പേര് പെട്ടിയന്മാര്‍ക്കുണ്ടായിരുന്നു, ഈ തറവാട്ടിലെല്ലാവരുടെയും മുഖം ചതുരാകൃതിയിലായതിനാലാവും പെട്ടിയന്മാര്‍ അല്ലെങ്കില്‍ ബോക്സര്‍മാര്‍ എന്ന പേരു ലഭിച്ചതെന്നു കരുതപ്പെടുന്നു. ഫ്യൂഡല്‍ ജര്‍മ്മനിയിലെ ബുള്‍ഡോഗ് പ്രഭുക്കന്മാരാണ് ഇവരുടെ പൂര്‍വികരെന്നു വിശ്വസിക്കപ്പെടുന്നു. കുടുമ്പസ്നീഹികളും കുട്ടികളെ ഇഷ്ടമുള്ളവരുമാണ് പെട്ടിയര്‍. പൂര്‍വികരില്‍ പലരും മികച്ച വേട്ടക്കാരായിരുന്നു പെട്ടിയര്‍ ഇല്ലത്തില്‍.

പ്രെസാ കനേരിയോ ഗോത്രം
മുന്‍ തലമുറയിലെ ഗോത്രത്തലവന്‍ കൂര്‍ച്ചെവി മൂപ്പന്‍

ഗോത്രം- കാനറി ദ്വീപുകള്‍, ആഫ്രിക്ക
ആഫ്രിക്കയിലെ കനേറി ദ്വീപുകളിലെ പഴമ്പുരാതനമായ ഗോത്രമാണ് പ്രെസാ കനേരി. മികച്ച വേട്ടക്കാരും പോരാളികളുമാണ് പ്രെസാ ഗോത്രക്കാര്‍. ബ്രിട്ടീഷുകാര്‍ ഈ ദ്വീപിലെത്തിയപ്പോള്‍ ഈ ഗൊത്രക്കാരെ നിഷ്ക്കരുണം പീഢിപ്പിച്ചു. പല പ്രെസാ കന്യകകളെയും ബ്രിട്ടീഷ് മസ്റ്റിഫ് ഭടന്മാരും ബുള്‍ഡോഗ് പ്രഭുക്കന്മാരും ചേര്‍ന്നു പീഢിപ്പിച്ചു, പിന്നീടവര്‍ക്കു ജനിച്ച സന്തതികളെയും വെറുതെ വിട്ടില്ല, ബ്രിട്ടീഷ് ഭരണാധികാരുടെയും ബുള്‍-മസ്റ്റിഫ് പ്രഭുക്കന്മാരുടെയും പോര്‍ വിനോദങ്ങള്‍ക്കിരയാവുകയായിരുന്നു അവര്‍. എന്തൊക്കെയായാലും, ഈ ഗോത്രം വംശനാശം സംഭവിക്കാതെ ഇന്നും നിലനില്‍ക്കുന്നു. പലരും കാട്ടില്‍ നിന്നും ചേക്കേറി നാട്ടില്‍ കാവല്‍ക്കാരായും ഇടയന്മാരായും ജോലിനോക്കുന്നു. കാനറി ദ്വീപുകാരുടെ വിശ്വസ്ഥ സേവകരായി പ്രെസാ ഗോത്രക്കാരെ കണക്കാക്കപെടുന്നു.

സെയ്ന്റ് ബെറ്ണാര്‍ഡ് കുടുംബം

ഉണ്ണുണ്ണി ബര്‍ണ്ണാര്‍ഡും (ഇരിക്കുന്നു) ഉമ്മിത്തള്ളയും (കിടക്കുന്നു). താഴെ കുഞ്ഞുണ്ണി ബര്‍ണ്ണാര്‍ഡ് (ഉണ്ണുണ്ണിയുടെ പിതാവും മുന്‍ തറവാട്ടു ഭരണാധികാരിയും)തറവാട്- സ്വിറ്റ്സര്‍ലാന്‍ഡ്


അസാമാന്യമായ വലിയ ശരീരത്തിനുടമകളാണ് പേരെടുത്ത ഈ കുടുംബത്തിലുള്ളവര്‍. സ്നേഹിക്കുന്നവര്‍ക്കു തുല്യസ്നേഹം നല്‍കുന്ന ശരീരം പോലെ തന്നെ വലിയ മനസ്സുമുള്ളവരാണ് ബര്‍ണ്ണാര്‍ഡുമാര്‍. തറവാട്ടുപേരിനുമുന്നില്‍ സെയിന്റ് (വാഴ്ത്തപ്പെട്ടവര്‍ക്കു മാത്രം ലഭിക്കുന്ന) വിശേഷണം ഇവര്‍ക്കു ലഭിച്ചതിനു പിന്നിലൊരൈതീഹ്യമുണ്ട്. തറവാട്ടിലെ പണ്ടുണ്ടായിരുന്ന, ബാരി ബര്‍ണ്ണാര്‍ഡ്, സ്വിസ്സ് ആല്‍പ്പുകളിലെ രക്ഷകനായിരുന്നു. മഞ്ഞുവീഴ്ച്ചയിലകപ്പെട്ട് തണുത്തു വിറങ്ങലിച്ചു കിടക്കുന്ന പലരെയും രക്ഷപ്പെടുത്തുകയായിരുന്നു ഇദ്ദേഹത്തിന്റെ ജോലി. മഞ്ഞുകട്ടകള്‍ക്കിടയില്‍ പെട്ടുകിടക്കുന്നവരെ വലിച്ചിഴച്ചു പുറത്തുകൊണ്ടുവരികയും കഴുത്തില്‍ കെട്ടിത്തൂക്കിയിരിക്കുന്ന റം ബാരലില്‍നിന്നല്പം ഒഴിച്ചു കൊടുത്ത് തണുത്തുവിറങ്ങലിച്ചുകിടക്കുന്ന അവര്‍ക്കു ചൂട് പകര്‍ന്ന് രക്ഷിക്കുന്നു. കുറഞ്ഞതൊരു നൂറുപേരെയെങ്കിലും ബര്‍ണ്ണാര്‍ഡകുടുംബത്തിന്റെ മുന്‍ഗാമിയായിരുന്ന ഇദ്ദേഹം രക്ഷിച്ചിരുന്നു. ബാരിയദ്ദേഹം അങ്ങനെ ആപത്തില്‍ പെടുന്ന മനുഷ്യരുടെ രക്ഷകനില്‍ നിന്നും സെയ്ന്റ് ബര്‍ണ്ണാര്‍ഡ് ആയി എന്നാണൈദീഹ്യം. ക്രമേണ അതൊരു കുടുംബപ്പേരായി മാറുകയും ചെയ്തു. കരുത്തരും പരാക്രമികളുമായ ആല്പൈന്‍ മസ്റ്റിഫ് തമ്പുരാന്മാരാണ് ഇവരുടെ പൂര്‍വികരെന്നും കരുതപ്പെടുന്നു.

ഗ്രേറ്റ് ഡേനന്‍വീട്ടുകാര്‍ചടഞ്ഞനുജന്‍ വലിയഡേനന്‍ -ആള്‍ ബലത്തില്‍ ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഡേനന്‍ വീടിന്റെ ഇപ്പൊഴത്തെ കാരണവര്‍


തറവാട്- ജര്‍മനി
നല്ല തലയെടുപ്പുള്ളവരും രാജകീയരുമാണ് ഡേനന്മാര്‍, മാത്രമല്ല മൃദുസ്വഭാവികളും സ്നേഹമുള്ളവരുമാണ്. കുട്ടികളുമായി കളിക്കുവാനും കുടുംബകാര്യങ്ങളില്‍ ഗൌരവമായി ഇടപെടാനും പുറത്ത് പോയി കറങ്ങിയടിച്ചു നടക്കാനും അതീവ തത്പരരാണിവര്‍. പൊണ്ണത്തടിയന്മാരല്ലെങ്കിലും ഡേനന്മാര്‍ നല്ല ഉയരവും കരുത്തുമുള്ളവരാണ്. ഇവരുടെ പൂര്‍വികര്‍ മികച്ച വലിയ മൃഗങ്ങളെപ്പോലും വീഴ്ത്തുന്ന വേട്ടക്കാരായിരും അത്യുഗ്രന്‍ പോരാളികളുമായിരുന്നു. 

ചൌചൌ തറവാട്
കുഞ്ഞിക്കണ്ണന്‍ ചൌമന്‍

തറവാട്- ചൈന
തീര്‍ഥും സ്വാര്‍ത്ഥമായ സ്വഭാവമുള്ളവരാണ് ചൌമന്മാര്‍. കാഴ്ചയില്‍ കുറിയവരും ചെറിയ കണ്ണുകളുമുള്ളവരാണിവര്‍. അപ്പൊഴും പരപരെ പാഞ്ഞു നടക്കുകയും വാതോരാതെ സംസാരിക്കുകയും ചെയ്യുന്ന ഇവരെ അതിനിടയില്‍ ശല്യപ്പെടുത്തുന്നത് അവര്‍ക്കൊട്ടുമിഷ്ടമാകില്ല. ചീനയിലെ ഇടയന്മാരാണ് ഇവരുടെ പൂര്‍വികരെന്നു വിശ്വസിക്കപ്പെടുന്നു.


3 അഭിപ്രായങ്ങൾ:

  1. തറവാട്ടിലുള്ള എല്ലാവരും ഉഗ്രൻ. പിന്നെ എനിക്ക് അവരെ ഭയങ്കര പേടിയാ,

    മറുപടിഇല്ലാതാക്കൂ
  2. ഈ തറവാടുകളിലെ കാറ്ണോന്മാരോട് അല്പം ഭയഭക്തിയോടെ പെരുമാറുന്നതാവും നല്ലത്! :)

    മറുപടിഇല്ലാതാക്കൂ

Related Posts with Thumbnails