2010, ഓഗസ്റ്റ് 28, ശനിയാഴ്‌ച

ചെന്നൈ മുതല്‍ കൊച്ചി വരെ- 20 മണിക്കൂര്‍...കണ്ഠകശനി ഒടുക്കം!

(തുടക്കം മുതല്‍ വായിക്കുവാന്‍- ഭാഗം ഒന്ന്, ഭാഗം രണ്ട് , ഭാഗം മൂന്ന് ക്ലിക്ക് ചെയ്യുക)

നല്ല തണുപ്പും ഒട്ടും കുടുക്കവും കുലുങ്ങലുമില്ലാത്ത ബസ്സും പിന്നെ കംബിളിപ്പുതപ്പും, പുതച്ചുമൂടി നല്ല സുഖമായിട്ടുള്ള ഉറക്കം. ഒരു ഏഴര എട്ട് മണിയായിക്കാണും എന്നൂഹിച്ചു, സൂര്യവെളിച്ചം ആ ശുഭയാത്ര എന്ന് പേരുള്ള ശകടത്തിന്റെ ചില്ലുജനാലകള്‍ തുളച്ച് എന്റെ മുഖത്തു തൊട്ടുണര്‍ത്തി. നല്ല പാലക്കാടന്‍ സുപ്രഭാതമാവും കണി എന്നൂഹിച്ചു ബദ്ധപ്പെട്ടുകണ്ണുതുറന്നുനോക്കി. വാളയാര്‍ എത്തി അല്ലെങ്കില്‍ വാളയാര്‍ കഴിഞ്ഞു എന്നു കണ്ടുപിടിക്കാന്‍ എളുപ്പമാര്‍ഗ്ഗം തെങ്ങുകളും മലയാളത്തിലുള്ള കടകളുടെ ബോര്‍ടുകളുമാണെന്നറിയാവുന്ന എന്റെ കണ്ണുകള്‍ അവയ്ക്കായി പരതി. ഒരല്‍പ്പനേരം വണ്ടി മുന്നോട്ടുനീങ്ങിയതും ഒരു തെങ്ങുംതോപ്പുതെന്നെ കണ്ടെങ്കിലും നാട്ടിലെ സാധാരണ കണാറുള്ള തെങ്ങുകളുടെയത്ര ഉയരമൊന്നും അവയ്ക്കുണ്ടായിരുന്നില്ല (ഏറിയാല്‍ ഒരു പത്തടിപൊക്കം), എന്നാലും നല്ല കായ്ഫലമുള്ളവ, എല്ലാം പൂത്തു കുലച്ചു നില്‍ക്കുന്നു! ശകടം ഒരല്‍പ്പംകൂടി മുന്നോട്ടുനീങ്ങി, എന്നിട്ടും മലയാളത്തിലെഴുതിയതൊന്നും കണ്ടില്ല, എന്തിന്, ഒരു ചായക്കടപോലും കണ്ടില്ല. കേരളത്തില്‍ ഇത്ര വിജനമായ പ്രദേശം എങ്ങും കണ്ടതായി ഓര്‍ക്കുന്നില്ല, ഭഗവാനെ ഈ കാര്‍ക്കോടകന്മാര്‍ നമ്മെ എവിടെയാണാവൊ കൊണ്ടുപോകുന്നേ? അതോ ഇനിയെങ്ങാനും ഞാന്‍ വണ്ടി മാറിക്കയറിയതാണോ, ഉടനടി കീശയിലെ ടിക്കറ്റെടുത്തു പരിശോധിച്ചു, പിന്നെ അടുത്തിരിക്കുന്നവരെയെല്ലാം ഒന്നു നോക്കി. അച്ചായന്‍, പിന്നെ പിറകിലിരുന്ന ഉണക്കസായിപ്പും, ഇവരെല്ലാം എനിക്കു പോകേണ്ടിടത്തേക്കു തന്നെയുള്ളവരാണല്ലോ? ഒരു ബസ്സില്‍ വണ്ടി മാറിക്കയറിയ ഇത്രയുമാള്‍ക്കാരോ, ഹേയ് അങ്ങനെയൊന്നുമുണ്ടാവില്യ, ഞാന്‍ ചിന്തിച്ചു. പിന്നെ ഒരു മണിക്കൂറോളമുള്ള യാത്രയായിരുന്നു, സാവധാനം എതോ ഒരു പട്ടണത്തിലേക്കു പ്രവേശിക്കുന്ന പ്രതീതിയുണ്ടായി. കുറേ കടകള്‍ കണ്ടു, തമിഴിലുള്ള ബോര്‍ഡുകളായിരുന്നു ഏറെയും, കഷ്ടം വണ്ടി ഇതുവരെ കേരളമെത്തിയില്ലെ? കടകളിലെ ബോര്‍ഡുകളുടെ താഴെ പരതി, ഹൊ! കൊയമ്പത്തൂരെത്തി എന്ന് അങ്ങനെ കണ്ടുപിടിച്ചു. ഭാഗ്യം, കൊയമ്പത്തൂരെങ്കിലുമെത്തിയല്ലോ, ഇനിയൊരു അഞ്ചുമണിക്കൂര്‍ യാത്രകൂടി മതിയല്ലോ എന്നോര്‍ത്തു സമാധാനിച്ചു.

ഒന്പതുമണിയായപ്പോഴേക്കും വണ്ടി കൊയമ്പത്തൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ബസ്സ് ആപ്പീസിന്റെ മുന്‍പില്‍ പൊയി അങ്ങ് നിന്നു. അതൊരൊന്നൊന്നര നിപ്പായിരുന്നു. പ്രാതലിനായി നിര്‍ത്തിയതാവും എന്നുകരുതി ഞങ്ങള്‍ പാവം യാത്രക്കാര്‍ തിടുക്കത്തില്‍ പ്രഭാത കര്‍മ്മങ്ങളൊക്കെ നിര്‍വഹിച്ച് ആഹാരവും കഴിച്ച് ബസ്സിനു മുന്നില്‍ നിന്നു. ആ ശകടത്തിന്റെ സാരഥി ഇപ്പൊള്‍ വരും എന്ന പ്രതീക്ഷയില്‍ കാത്തു നിന്നു. അരമണിക്കൂര്‍ കഴിഞ്ഞു, ഒരു മണിക്കൂര്‍ കഴിഞ്ഞു, ആ ദുഷ്ടനെ എന്നിട്ടും കണ്ടില്ല. ഭഗവാനേ അവമ്മാര്‍ നമ്മളെ വീണ്ടും ചുറ്റിക്കുമോ, ഞങ്ങള്‍ യാത്രക്കാര്‍ക്കിടയില്‍ അങ്ങനെ വീണ്ടും ആശങ്കയായി. അല്പനേരം കഴിഞ്ഞപ്പോഴേക്കും കിളിയണ്ണന്‍ ഒരു ബീടിക്കുറ്റിയും പുകച്ചോണ്ട് ഞങ്ങള്‍ യാത്രക്കാരുടെ ശോചനീയാവസ്ഥ ലവലേശം വകവയ്ക്കാതെ വളരെ ലാഘവത്തോടെ നടന്നു വരുന്നതു കണ്ടു. അരിശം പൂണ്ടു നില്‍ക്കുന്ന യാത്രക്കാര്‍ക്കിടയില്‍ നിന്നും നമ്മുടെ ഉണക്കസായിപ്പ് സടകുടഞ്ഞെഴുന്നേറ്റ് അവന്റെ അടുത്തേക്ക് പാഞ്ഞു. ഇന്നൊരുശിരനടി കാണാം, നല്ല ഹോളിവുഡ് സ്റ്റൈല്‍ അമറന്‍ സ്റ്റണ്ടും കിടിലന്‍ ഇങ്ഗ്ലീഷ് ഡയലോഗും, പ്രതീക്ഷയോടെ ഞങ്ങളേവരുടെയും കണ്ണുകള്‍ ഉണക്ക സായിപ്പിനേയും കിളിയണ്ണനേയും മാറിമാറി നോക്കി. “എടേയപ്പീ, നീ എന്തിര് വണ്ടികളെടുക്കാത്തത്? നേരങ്ങളെത്ത്രയായി, പെടുത്തിട്ട് പോലുവില്ല, നിന്റ്റ മാട്ടവണ്ടിക്ക് മുന്നില് കൊറേനേരവായി നിക്കണത്. പയലെ നീ വണ്ടിയിപ്പൊ എടുത്തില്ലേ പെറ്റതള്ളയാണേ നിന്റെയൊക്കെ ചെകളയടിച്ച് പൊളിക്കും”. അണ്ണനൊരു പുലിയായിരുന്നല്ലേ? അറിയാതെ മനസ്സില്‍ ചോദിച്ചുപോയി. യു.കെ സിറ്റിസണ്‍ ഉണക്കസായിപ്പ് രായമാണിക്ക്യം സ്റ്റൈല്‍ ഡൈലോഗു കാച്ചിയതാണോ അതോ അങ്ങേരു ശരിക്കും ഒരു രായമാണിക്ക്യമായിരുന്നോ എന്ന് ചിന്തിച്ചു മറ്റു സഹയാത്രികരും അന്തം വിട്ടു നോക്കുന്നുണ്ടായിരുന്നു.
ഞങ്ങളെല്ലാവരും ചേര്‍ന്ന് സായിപ്പിനെ മാണിക്യത്തെ പിടിച്ചുമാറ്റി കിളിയണ്ണനു മൊഴിയാനൊരവസരം കൊടുത്തു. പിശാശിനെ കണ്ടു ഭയന്നതുപോലെ വിറങ്ങലിച്ചു നിന്ന അയാള്‍ വിറച്ചു വിറച്ചായിരുന്നു സംസാരിച്ചത്. ശുഭയാത്രയെന്ന ഈ പേടകം എറണാകുളം വരെ പോകില്ല, പകരം വേറെ വണ്ടി വരുന്നുണ്ട് അതിലേക്ക് മാറിക്കയറണം എന്നാണ് അയാള്‍ പറഞ്ഞത്. ഇതു കേട്ടയുടന്‍ അച്ചായനും സായിപ്പും ഞാനും ഉള്‍പ്പടെ മിക്ക യാത്രക്കാരും കലിതുള്ളി. ഇത്രയും മുഷിഞ്ഞതു പോരാണ്ട് ഇനി വണ്ടി മാറിക്കേറുകയും വേണോ? ഞങ്ങള്‍ കൂട്ടത്തോടെ ബസ്സാപ്പീസിലേക്കു നടന്നു. വണ്ടി മാറിക്കേറാനുള്ള വ്യക്തമായിട്ടുള്ള കാരണം എന്താണെന്നറിഞ്ഞിട്ടു തന്നെ കാര്യം എന്നായി ഏവരും. പടയെ പേടിച്ച് പരുങ്ങി നിന്ന ബസ്സാപ്പീസര്‍ക്ക് വണ്ടി മാറ്റിക്കാനുള്ള കാരണം പറയേണ്ടിയും വന്നു, വേറൊന്നുമല്ല, ഡ്രൈവറണ്ണന് എറണാകുളത്തേക്കുള്ള വഴിയറിയില്ലെന്ന്! ഒരു ബസ്സാപ്പീസറില്‍ നിന്നും പ്രതീക്ഷിച്ച മറുപടിയായിരുന്നില്ല അതെന്ന് തുടര്‍ന്നുണ്ടായ പൊട്ടിത്തെറികള്‍ തെളിയിച്ചു. ഇനിയും തര്‍ക്കിച്ചാല്‍ ഡ്രൈവര്‍ക്കു വണ്ടിയോടിക്കാന്‍ അറിയില്ല എന്നുപോലും ആ കാപാലികന്മാര്‍ പറഞ്ഞേനെ, അങ്ങനെ തര്‍ക്കം മൂത്ത് അതൊരു കൈയ്യാങ്കളിയിലേക്കു നീങ്ങും എന്ന അവസ്ഥയായപ്പോഴേക്കും ബസ്സാപ്പീസര്‍ക്ക് സത്യം വെളിപ്പെടുത്തേണ്ടി വന്നു.
സാധാരണ ദിവസങ്ങളില്‍ കൊയമ്പത്തൂര്‍ വരെ മാത്രം ഓടുന്ന വണ്ടിയായിരുന്നു അത്, അതിന് മുന്‍പേ പുറപ്പെടുന്നതായിരുന്നു യഥാര്‍ത്ഥത്തില്‍ എറണാകുളത്തേക്കുള്ള വണ്ടി. സീസണായതിനാല്‍ അധികമാളുകളെ കയറ്റുന്നതിനായി ബസ്സണ്ണന്മാര്‍ നടത്തിപ്പോരുന്ന അടവായിരുന്നു അത്, കൊയമ്പത്തൂര്‍ അല്ലെങ്കില്‍ അതിനിടയ്ക്കുള്ള മറ്റ് സ്ഥലങ്ങളിലേക്കുള്ള യാത്രക്കാരെ ഇരു വണ്ടികളിലും കയറ്റുക, അതു പോലെതന്നെ എറണാകുളത്തേക്കുള്ളവരെയും. കൊയമ്പത്തൂരെത്തുമ്പോഴേക്കും ഇരു വണ്ടികളിലും എറണാകുളത്തേക്കുള്ള (പാലക്കാട്, ത്രിശ്ശൂര്‍ എന്നിവിടങ്ങളിലിറങ്ങുന്ന ചിലരും) യാത്രക്കാര്‍ മാത്രം. പിന്നെ ഈ രണ്ടു വണ്ടിയിലുള്ള യാത്രക്കാരെയും ബാണ്ഠക്കെട്ടുമൊക്കെ ചുരുട്ടിക്കൂട്ടി ഒരു വണ്ടിയിലാക്കുന്നു- ഇന്ദ്ധനം ലാഭം, ടോള്‍ ലാഭം, ടാക്സ് ലാഭം. ആ രണ്ടു വണ്ടികളില്‍ ഒന്നിനു മാത്രമെ എറണാകുളം വരെ പെര്‍മിറ്റുമുണ്ടായിരുന്നുള്ളു. ബസ്സണ്ണന്മാരുടെ വന്‍ ലാഭമുണ്ടാക്കാനുള്ള ബുദ്ധിയൊക്കെ കൊള്ളാം, പ്ക്ഷെ ഞങ്ങള്‍ യാത്രക്കാരെ ഒന്നടങ്കം ദുരിതയാത്രയ്ക്കിരയാക്കിയ അവന്മാരെ വെറുതെ വിടാന്‍ ഞങ്ങള്‍ക്കുദ്ദേശമുണ്ടായിരുന്നില്ല.
 സായിപ്പ് ഉത്തരവിട്ടു ‘എല്ലാരും ബസ്സീകേറിയട്ടിയിട്, ഈ പന്നപയലുകള് വണ്ടികള് മാറ്റണത് കാണട്ട്’. ആ വാക്കുകള്‍ (ഒരു തരം ഓഞ്ഞ ശബ്ദത്തിലായിരുന്നെങ്കിലും) ഞ്ഞങ്ങളില്‍ എന്തെന്നില്ലാത്ത ആവേശം നിറച്ചു, എല്ലാവരും പാഞ്ഞുകയറി ബസ്സിലിരുന്നു. അപ്പോഴേക്കും സമയം 10.30. എന്തു ചെയ്യണമെന്നറിയാതെ ഡ്രൈവറണ്ണനും കിളിയണ്ണനും ബസ്സിനു വെളിയില്‍ പകച്ചുനിന്നു. ‘ഡേയ് പാണ്ടി പയലേ, നീ വണ്ടികളെടുക്കണാ ദോ ഞായ് വണ്ടികള് കത്തിക്കണാ?’എന്താണെന്ന് മനസ്സിലായില്ലെങ്കിലും സായിപ്പിന്റെ ഈ ചോദ്യം കേട്ടപാതി കേള്‍ക്കാത്ത പാതി ഡ്രൈവറണ്ണനും കിളിയണ്ണനും പേടകത്തിലേക്ക് പെടച്ച് കയറി. ‘സായിപ്പണ്ണാ...അണ്ണന്‍ വെറും സായിപ്പല്ല മാണിക്കസായിപ്പാ..’ എന്നുറക്കെ വിളിച്ച് പറയണമെന്നുണ്ടായിരുന്നു, മാന്യത കൈവിടണ്ട എന്നോര്‍ത്ത് മിണ്ടാതിരുന്നു.
കൊയമ്പത്തൂര്‍ നഗരാതിര്‍ത്ഥി എത്തിയപ്പോഴാണ് ഞങ്ങള്‍ മറ്റൊരു ഞെട്ടിക്കുന്ന സത്യമറിഞ്ഞത്, ഡ്രൈവറണ്ണനു ശരിക്കും വഴിയറിയില്ലായിരുന്നു! വീണ്ടും സായിപ്പണ്ണന്‍ വീരനായി- ‘പയലേ നീ വണ്ടിയെടെടേയ്, നിനക്ക് വഴികള് പറഞ്ഞാരനീ ഞായില്ലെയ്’. അങ്ങനെ ഈ യാത്രയുടെ നായകന്‍ താനാണെന്ന് സായിപ്പണ്ണന്‍ വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടേയിരുന്നു. അങ്ങനെ വീണ്ടും വണ്ടി നീങ്ങിത്തുടങ്ങി. ചോദിച്ചു ചോദിച്ചുള്ള പോക്കായതിനാല്‍ ഒച്ചിഴയുന്നതുപോലെയായി പിന്നീടുള്ള യാത്ര. ഇതൊക്കെ പോരാഞ്ഞ് വേറൊരു മാരണം കൂടി കാത്തിരിക്കുന്നുണ്ടായിരുന്നു.
ഇഴഞ്ഞു നീങ്ങിക്കൊണ്ടിരിക്കുന്ന ശകടത്തിനുള്ളില്‍ എപ്പഴോ ആ ദുഷ്ടന്‍ കിളിയണ്ണന്‍ സിനിമയിട്ടു. മരുഭൂമിയിലെ തണല്‍മരം പോലെ ആ കൊച്ചു ടിവി സ്ക്രീന്‍ മിന്നിത്തെളിഞ്ഞപ്പോള്‍ മനസ്സൊന്നു തണുത്തിരുന്നു, എന്നാല്‍ സംഭവിക്കാന്‍ പോണതൊരു മഹാവിപത്തായിരുന്നെന്നറിഞ്ഞിരുന്നില്ല. സിനിമയുടെ പേര് ഗോരിപ്പാളയം, പേരെഴുതിക്കാണിക്കലും തുടക്കവുമൊക്കെ കണ്ടപ്പോള്‍ ഇനിയുള്ള യാത്ര ബോറടിക്കണ്ടല്ലോ എന്ന് സമാധാനിച്ചു. ഏകദേശം മുക്കാല്‍മണിക്കൂറായപ്പോഴേക്കും സഹിക്കാവുന്നതിന്റെ അപ്പുറത്തെത്തിയിരുന്നു. ഇങ്ങനെയും സിനിമയെടുക്കുമോ എന്ന സംശയം ആദ്യമായി മനസ്സിലുദിച്ചു. അണ്ണന്മാര്‍ ഞങ്ങളോട് പകരം വീട്ടാന്‍ മനപ്പൂര്‍വം ചെയ്യുന്ന ദ്രോഹമാവുമിതെന്നു കരുതി. അല്‍പ്പ സമയംകൂടിക്കഴിഞ്ഞപ്പോള്‍ നിലവിളിയായി, ‘നിര്‍ത്തടാ ഈ ഒടുക്കത്തെ സിനിമ’ എന്ന ഒരേ സ്വരത്തിലുള്ള മുറവിളി! കിളിയണ്ണന്‍ ചാടിയെഴുന്നേറ്റു സിനിമ ഓഫ് ചെയ്തു, ടിവി സ്ക്രീന്‍ കെട്ടണഞ്ഞു. അതിശയമെന്നേ പറയേണ്ടൂ, കെട്ടടങ്ങിയ ആ പാണ്ടി കോലാഹലം വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നു, അതും ആരും ഓണ്‍ ചെയ്യാതെ തന്നെ. പതിയെ എഴുന്നേറ്റു നോക്കി, കിളിയണ്ണന്‍ നല്ല ഉറക്കം, എന്തോ തപ്പിതിരഞ്ഞു നടക്കുന്നവണ്ണം വണ്ടിയോടിക്കുന്ന തിരക്കിലായിരുന്നു ഡ്രൈവര്‍. വീണ്ടും നിലവിളികളുയര്‍ന്നു, കിളിയണ്ണന്‍ ഞെട്ടിയുണര്‍ന്നു, വീണ്ടും ഓഫ് ചെയ്തു. ഇതൊരു മൂന്നു നാലു വട്ടം ആവര്‍ത്തിച്ചു, ഗതികെട്ടപ്പോള്‍ വണ്ടി ഒരു വര്‍ക്ഷാപ്പില്‍ ചവിട്ടി നിര്‍ത്തി. അങ്ങനെ അതിനൊരു മണിക്കൂര്‍ ചിലവായി, എന്തായാലും ആ സിനിമാ ദ്രോഹത്തേക്കാള്‍ ഭേദമായിരുന്നു ആ കാത്തിരിപ്പ്. സമയം 2.30, സ്ഥലം ചാലക്കുടി. പൊരിയുന്ന വിശപ്പ് അതും കൂട്ട വിശപ്പ്, ആ എസി വണ്ടിക്കുള്ളില്‍ ആകെ പുകമയമാക്കി. കൊയമ്പത്തൂര്‍ മുതല്‍ തൃശ്ശൂര്‍ വരെ യാത്ര ചെയ്തിട്ടും കണ്ടുപിടിക്കാന്‍ പറ്റാത്ത ഹോട്ടല്‍ അങ്ങിനെ ചാലക്കുടികഴിഞ്ഞപ്പോള്‍ കണ്ടുപിടിച്ചു ആ ക്രൂരനായ ഡ്രൈവറണ്ണന്‍. എന്തു കുന്തമെങ്കിലുമാകട്ടേന്നു കരുതി, രണ്ടും കല്‍പ്പിച്ച് കിട്ടിയതൊക്കെ വെട്ടി വിഴുങ്ങി. അതിനു ശേഷം വണ്ടി വീണ്ടും നീങ്ങി, 4.45ന് ആലുവാപാലമെത്തിയപ്പോള്‍ കണ്ണു തുറന്നുനോക്കി. ശിവരാത്രി മണപ്പുറമായിരുന്നു ഉച്ചമയക്കത്തിനു ശേഷം കണികണ്ടത്, മഹാദേവാ ഈ കണ്ഠക ശനിപീഢയില്‍ നിന്നെന്നെ കരകയറ്റണേന്ന് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. ഈശ്വരന്‍ പ്രാര്‍ത്ഥന കേട്ടു, 5.30ന് ഇടപ്പള്ളിയെത്തി, ഞാന്‍ ആ ശപിക്കപ്പെട്ട പേടകത്തില്‍ നിന്നും എന്റെ പെട്ടിയും ഭാണ്ഠവുമൊക്കെയെടുത്ത് ചാടിയിറങ്ങി, കണ്ഠകശനിപീഢ ഒടുങ്ങിയിരിക്കുന്നു- ഒരാശ്വാസച്ചിരിയുമായി ഞാന്‍ വീട്ടിലേക്കു നടന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts with Thumbnails